മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ പശ്‌ചാത്തലത്തില്‍ മലയാളികള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്താന്‍ തമിഴ് സിനിമാലോകം തീരുമാനിച്ചതായി സൂചന. രജനികാന്തിന്റെ പുതിയ ചിത്രമായ കൊച്ചടിയാനില്‍ നിന്ന് മലയാളിയായ അസിനെ ഒഴിവാക്കിയേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ഒരു തമിഴ് ചിത്രത്തിലേക്ക് കരാര്‍ ചെയ്‌തിരുന്ന മലയാളിയായ സംഗീത സംവിധായകനെ ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മലയാളിയായ സംഗീത സംവിധായകനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതായി വിവരം ലഭിച്ചത്. ഇതോടെയാണ് മലയാളികള്‍ക്ക് തമിഴ് സിനമാലോകം ഭ്രഷ്‌ട് കല്‍പ്പിച്ചിരിക്കുകയാണെന്ന സംശയം ബലപ്പെടുന്നത്.
മലയാളികളെ ഒരുകാരണവശാലും തമിഴ് സിനിമയില്‍ സഹകരിപ്പിക്കരുതെന്ന് തമിഴ്‌നാട്ടിലെ പ്രാദേശിക സംഘടനയായ ഹിന്ദു മക്കള്‍ കക്ഷി(എച്ച് എം കെ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതിയ രജനി ചിത്രത്തില്‍ അസിന്‍ നായികയാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ശക്‌തമായ താക്കീതുമായി എച്ച് എം കെ രംഗത്തെത്തിയത്. അസിനെ അഭിനയിപ്പിച്ചാല്‍ ഷൂട്ടിംഗ് ലൊക്കേഷനിലേക്കും രജനികാന്തിന്റെ വീട്ടിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് എച്ച് എം കെ ജനറല്‍ സെക്രട്ടറി കെ കണ്ണന്‍ പറഞ്ഞു.
ഏതായാലും മുല്ലപ്പെരിയാര്‍ വിഷയം സിനിമാലോകത്തേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്. ഇതിനിടയില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണാനുള്ള ശ്രമം മലയാള താരസംഘടനയായ അമ്മ ഉപേക്ഷിച്ചതായി സൂചനയുണ്ട്. ജയലളിതയുമായുള്ള പഴയ സൗഹൃദം ഉപയോഗിച്ച് നടി സുകുമാരിയാണ് ഇത്തരമൊരു നീക്കത്തിന് മുന്‍കൈയെടുത്തത്. എന്നാല്‍ മലയാള സിനിമാക്കാരെ കാണാന്‍ ജയലളിത കൂട്ടാക്കുന്നില്ലെന്നാണ് സൂചന. ഈ വിഷയത്തില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതികരിക്കാതിരുന്നതിന്റെ കാരണം ഇപ്പോള്‍ മനസിലായില്ലേ…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല