സ്വന്തം ലേഖകൻ: കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലും ആദ്യ ഘട്ടത്തില്‍ കനത്ത പോളിംഗ്. രാവിലെ 11 മണി വരെ 26 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും സൂപ്പര്‍താരം കമല്‍ഹാസനും അടക്കമുള്ളവര്‍ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. രാവിലെ 11 മണി വരെ 26 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അഞ്ചു മുന്നണികളാണ് തമിഴ്നാട്ടില്‍ മത്സരിക്കാനുള്ളത്.
നാമക്കലിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് 28.33 ശതമാനമാണ്. ചെന്നൈയില്‍ 23 ശതമാനവും രേഖപ്പെടുത്തി. 6.28 കോടി പേരാണ് സംസ്ഥാനത്ത് ഉടനീളമുള്ള 88,000 പോളിംഗ് സ്റ്റേഷനുകളില്‍ സമ്മതിദാനം വിനിയോഗിക്കാന്‍ എത്തുന്നത്. ബിജെപിയും പിഎംകെയുമായി ചേര്‍ന്ന സഖ്യത്തിലാണ് എഐഎഡിഎംകെ മത്സരിക്കുന്നത്. അനേകം ചെറുകക്ഷികളും ഇവര്‍ക്കൊപ്പമുണ്ട്.
ഡിഎംകെ കോണ്‍ഗ്രസിനും വിസികെയ്ക്കും സിപിഐ, സിപിഎം, ഐയുഎംഎല്‍ എന്നിവരെയും മറ്റു ചില ചെറുകക്ഷികളെയും കൂടെ ചേര്‍ത്തിട്ടുണ്ട്. മുന്നാം മുന്നണിയായിട്ടാണ് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ശരത്കുമാറിന്റെ എസ്എംകെ യും കമലിനൊപ്പമാണ്. ടിടിവി ദിനകരന്റെ എഎംഎംകെ നാലാം മുന്നണിയായി വിജയകാന്തിന്റെ ഡിഎംഡികെയ്ക്കും ഒവൈസിയുടെ എഐഎംഎഐഎമ്മുമായും സഖ്യം ചേര്‍ന്നിരിക്കുന്നു. സീമാന്റെ നാം തമിഴര്‍ തനിച്ചാണ് 234 മണ്ഡലങ്ങളിലും ഒറ്റപ്പാര്‍ട്ടിയായി മത്സരിക്കുന്നു.
എടപ്പാടിയിലെ സിലുവംപാളയത്തായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വോട്ട് രേഖപ്പെടുത്തിയത്. ജയലളിതയ്ക്കും എംജിആറിനും ആദരം അര്‍പ്പിച്ച ശേഷമായിരുന്നു എടപ്പാടി പളനിസ്വാമി എത്തിയത്. രാഷ്ട്രീയത്തില്‍ ഇറങ്ങലും മറ്റുമായി വന്‍ ചര്‍ച്ചയുണ്ടാക്കിയ സൂപ്പര്‍താരം രജനീകാന്തും ഉലകനായകന് കമലും ചെന്നൈയിലായിരുന്നു വോട്ടു രേഖപ്പെടുത്തിയത്. ചെന്നൈയിലെ സ്റ്റെല്ലാ മേരിസ് കോളേജിലായിരുന്നു സ്റ്റൈല്‍ മന്നന് വോട്ടു രേഖപ്പെടുത്തിയത്. വെള്ളക്കൂര്ത്തയും പൈജാമയും അണിഞ്ഞ് രാവിലെ ഏഴു മണിക്ക് തന്നെ രജനി എത്തി വോട്ടു രേഖപ്പെടുത്തി.
മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ അദ്ധ്യക്ഷനുമായ കമല്ഹാസന് വോട്ടു രേഖപ്പെടുത്തിയത് മക്കളായ അക്ഷരയ്ക്കും ശ്രുതിയ്ക്കും ഒപ്പമായിരുന്നു. ടെയ്നാംപേട്ട് ചെന്നൈ ഹൈസ്ക്കൂളിലായിരുന്നു താരം വോട്ടു ചെയ്തത്. മകള്‍ നടി ശ്രുതി മുംബൈയില്‍ നിന്നും രണ്ടു ദിവസം മുമ്പ് വോട്ടു ചെയ്യാന്‍ മാത്രം എത്തിയിയിരുന്നു. കോയമ്പത്തൂരില്‍ നിന്നുമാണ് കമല്ഹാസന് പക്ഷേ ജനവിധി തേടുന്നത്.
ഭാര്യ രാധികയ്ക്ക് ഒപ്പമെത്തിയാണ് ശരത്കുമാര് വോട്ടു രേഖപ്പെടുത്തിയത്. നീലന്കരയിലായിരുന്നു തമിഴ് സൂപ്പര്‍താരം വിജയ്ക്ക് വോട്ട്. ഒരു ജീവനക്കാരനൊപ്പം സൈക്കിളില്‍ എത്തിയായിരുന്നു വിജയ് സമ്മതിദാനം വിനിയോഗിച്ചത്. പെട്രോള്‍ വിലയോടുള്ള പ്രതിഷേധ സൂചകമായിരുന്നു താരത്തിന്റെ സൈക്കിള്‍ യാത്ര. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് ശേഷം വൻ ജനശ്രദ്ധയാണ് ആകർഷിച്ചിരിക്കുന്നത്. മാസ്കണിഞ്ഞ് സൈക്കിളിൽ വീട്ടിൽ നിന്നിറങ്ങിയ വിജയ്യുടെ പിന്നാലെ അദ്ദേഹത്തിന്റെ ആരാധകരും അനുഗമിച്ചിരുന്നു. ഇതോടെ പോലീസെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.
തിരുവണ്മിയൂരിലായിരുന്നു മറ്റൊരു സൂപ്പര്‍താരം അജിത് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ ശാലിനിയ്ക്കൊപ്പം രാവിലെ 7 മണിക്ക് തന്നെ താരം വോട്ടു രേഖപ്പെടുത്തി. മാസ്ക്ക് ധരിക്കാതെ സെല്‍ഫിയെടുക്കാന്‍ വന്നയാളുടെ ഫോണ്‍ വലിച്ചെറിഞ്ഞ താരത്തിന്റെ നടപടി ട്വിറ്ററില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. സൂര്യയും കാര്‍ത്തിയും പിതാവ് ശിവകുമാറിനൊപ്പം എത്തി വോട്ടു രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല