സ്വന്തം ലേഖകന്‍: പ്രിയപ്പെട്ട അധ്യാപകനെ സ്ഥലംമാറ്റി; വിടാതെ കെട്ടിപ്പിടിച്ച് കരഞ്ഞ് വിദ്യാര്‍ഥികള്‍; ചെന്നൈയില്‍ നിന്നുള്ള വീഡിയോ തരംഗമാകുന്നു. ചെന്നൈയ്ക്കടുത്ത തിരുവള്ളൂരിലെ വെള്ളിയഗരം ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരുന്നു നാടകീയ രംഗങ്ങള്‍. ഇംഗ്ലീഷ് അധ്യാപകന്‍ ജി. ഭഗവാന്റെ സ്ഥലംമാറ്റമാണ് വിദ്യാര്‍ഥികളെ കരയിച്ചത്.
ഭഗവാനെ വിട്ടുകൊടുക്കാന്‍ രക്ഷിതാക്കളും ഒരുക്കമായിരുന്നില്ല. കുട്ടികളെ സ്‌കൂളിലേക്ക് വിടാതെ അവര്‍ പ്രതിഷേധിച്ചു. സാറിനെ വിട്ടുകൊടുക്കില്ലെന്നു പറഞ്ഞ് സ്‌കൂളിലെ 280 കുട്ടികളും ക്ലാസ് ബഹിഷ്‌കരിച്ചു. ഭഗവാന്‍ പോയാല്‍ കുട്ടികളെ സ്‌കൂളിലേക്കു വിടില്ലെന്ന് സ്ഥലത്തെ എം.എല്‍.എ.യ്ക്കുമുന്നില്‍ രക്ഷിതാക്കള്‍ ഭീഷണിമുഴക്കി. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പ്രിന്‍സിപ്പല്‍ അരവിന്ദ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് സ്ഥലംമാറ്റ ഉത്തരവ് പത്തുദിവസത്തേക്കു തടഞ്ഞിരിക്കുകയാണ്.
‘എല്ലാ അധ്യാപകര്‍ക്കും ഭഗവാന്‍ സാറാകാന്‍ പറ്റില്ല. അദ്ദേഹത്തെ സ്ഥലംമാറ്റരുതെ,’ ഒരു വിദ്യാര്‍ഥിനി പറയുന്നു. നാലു വര്‍ഷം മുമ്പാണ് ഇംഗ്ലീഷ് അധ്യാപകനായി ഭഗവാന്‍ ഇവിടെ എത്തിയത്. വിദ്യാലയത്തില്‍ സൗഹൃദാന്തരിക്ഷം വളര്‍ന്നു. ആറുമുതല്‍ പത്താം ക്ലാസ്സുവരെ ഇംഗ്ലീഷ് പഠിപ്പിച്ചത് ഭഗവാനായിരുന്നു. നാലുവര്‍ഷവും പത്താം ക്ലാസ് പരീക്ഷയില്‍ സ്‌കൂളിലെ എല്ലാകുട്ടികളും ഇംഗ്ലീഷ് പാസായി.
കഥയും കവിതയും പൊതുവിജ്ഞാനവും കൂട്ടിക്കലര്‍ത്തിയായിരുന്നു ഭഗവാന്റെ ക്ലാസ്. സംശയങ്ങള്‍ ദൂരീകരിക്കാന്‍ വിളിപ്പുറത്തുണ്ടായിരുന്നു. സ്‌കൂള്‍വിട്ടാല്‍ സ്‌പെഷ്യല്‍ ക്ലാസെടുക്കും. വിശന്നിരിക്കുന്ന കുട്ടികള്‍ക്ക് സ്വന്തം ചെലവില്‍ ആഹാരം നല്‍കും. ‘എന്റെ ആദ്യത്തെ നിയമനമാണിത്. വിദ്യാര്‍ഥി അധ്യാപക അനുപാതം നോക്കിയാല്‍ ഞാനിവിടെ അധികപ്പറ്റാണ്. അതുകൊണ്ടാണ് സ്ഥലംമാറ്റം. കുട്ടികളുമായി അത്രയ്ക്ക് ഇടപഴകിക്കഴിഞ്ഞു. അവര്‍ പോകാന്‍ അനുവദിക്കുന്നില്ല. ചേര്‍ത്തുപിടിച്ചു കരയുന്നു. ഹാളിലേക്കു വിളിച്ചുകൊണ്ടുപോയി സമാധാനിപ്പിച്ചു. എവിടെപ്പോയാലും ഉടന്‍ തിരിച്ചുവരുമെന്ന് പറഞ്ഞുനോക്കി. അവര്‍ കൂട്ടാക്കുന്നില്ല. സത്യത്തില്‍ അവരെ വിട്ടുപോകുന്നതില്‍ എനിക്കും വലിയ വിഷമമുണ്ട്,’ ഇരുപത്താറുകാരനായ ഭഗവാന്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല