പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്ന് പറഞ്ഞ പോലെയാണ് കലാപങ്ങള്‍ക്കിടയില്‍ വന്‍ മോഷണങ്ങള്‍ അരങ്ങേറുന്നത്. ഉത്തര ലണ്ടനിലെ ടോട്ടല്‍ഹാമില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ഞായറാഴ്ച രാത്രി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചതിനെ തുടര്‍ന്ന് പിന്നാക്കമേഖലകളില്‍ ഏറ്റുമുട്ടലും കൊള്ളയും തീവെപ്പും വ്യാപകമായി. എന്‍ഫീല്‍ഡ്, ബ്രിക്‌സ്ടണ്‍, ഡാല്‍സ്ടണ്‍, എസിങ്ടണ്‍,ക്രോയ്‌ടന്‍ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ വന്‍ മോഷണങ്ങളെ തുടര്‍ന്ന് പോലീസ് 160 പേരെ അറസ്റ്റുചെയ്തു. പോലീസിനെതിരെ ആക്രമണം രൂക്ഷമായതോടെ ഇതുവരെ 35 പോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പൊതുമുതല്‍ വന്‍ തോതില്‍ കൊള്ളയടിക്കാനും നശിപ്പിക്കാനും തുടങ്ങിയതോടെ പോലീസ് കൂടുതല്‍ സേനയെ രംഗത്തിറക്കുകയും ചെയ്തിട്ടുണ്ട്.
മധ്യലണ്ടനിലെ പ്രശസ്ത വ്യാപാരകേന്ദ്രമായ ഓക്‌സ്ഫഡ് തെരുവില്‍ അമ്പതോളം വരുന്ന അക്രമിസംഘമാണ് കൊള്ള നടത്തിയത്. ബ്രിക്‌സ്ടണില്‍ ഞായറാഴ്ച രാത്രി ഇരുനൂറോളം വരുന്ന അക്രമികള്‍ വ്യാപകമായ കൊള്ള നടത്തിയെങ്കിലും രാവിലെയോടെ പോലീസ് നിയന്ത്രണമേറ്റെടുത്തു. സംഘം ചേര്‍ന്ന് സ്ഥാപനങ്ങളുടെ ചില്ലുകള്‍ തകര്‍ത്ത് കൊള്ളയടിക്കുന്ന സംഭവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. പലയിടത്തും ആവശ്യത്തിന് പോലീസ് ഇല്ലാതിരുന്നതിനാല്‍ കൊള്ള തടയാനായില്ല.
ഇന്നലെ രാത്രി ക്രോയിഡനില്‍ ഉണ്ടായ കലാപത്തെത്തുടര്‍ന്ന് അനവധി വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു.മലയാളിക്കടയായ വി ബി സ്റ്റോഴ്സ് ,ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന തമിഴ് സ്ഥാപനമായ ബെസ്റ്റ് ഫുഡ്സ്,ലിഡില്‍ തുടങ്ങിയവ കൊള്ളയടിക്കപ്പെട്ട കടകളില്‍ ഉള്‍പ്പെടുന്നു.വി ബി സ്റ്റോഴ്സ് എന്ന മലയാളിക്കട ഇക്കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലാണ് തുടങ്ങിയത്.ഷട്ടര്‍ തുറന്ന് കടയില്‍ കയറിയ അക്രമികള്‍ കട കൊള്ളയടിക്കുകയും കടയുടമയായ ബിജുവിന്‍റെ കാര്‍ കത്തിക്കുകയും ചെയ്തു.
സ്ഥലവാസികള്‍ സര്‍ക്കാറിന്റെ സാമ്പത്തിക നടപടികളെ കുറ്റപ്പെടുത്തുമ്പോള്‍ അവസരം നോക്കിയുള്ള കൊള്ളയെന്നാണ് ബ്രിട്ടനിലെ ഡെപ്യൂട്ടി പ്രധാനമന്ത്രി നിക് ക്ലഗ് കലാപത്തെ വിശേഷിപ്പിച്ചത്. പ്രശ്‌നം രൂക്ഷമായതിനെത്തുടര്‍ന്ന് അവധിക്കാലം ആഘോഷിക്കാന്‍ പോയ ഹോം സെക്രട്ടറി തെരേസ മേ ബ്രിട്ടനിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചു.
ബ്രിട്ടനിലെ അത്യാര്‍ത്തി മൂത്ത ഒരുകൂട്ടം അക്രമികളാണ് പ്രശ്‌നത്തിനു പിന്നിലെന്ന് ലണ്ടന്‍ ഡെപ്യൂട്ടി മേയര്‍ കിറ്റ് മാര്‍തൗസ് പറഞ്ഞു. നേട്ടം ലഭിക്കുന്ന ചില പ്രത്യേക സ്ഥലം തിരഞ്ഞെടുത്താണ് അക്രമമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസുമായുണ്ടായ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പലരും വീടുവിട്ടുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അറസ്റ്റുചെയ്യപ്പെട്ടവരില്‍ പലരും നഗരത്തിന് പുറത്തുനിന്നുള്ളവരാണ്. ട്വിറ്റര്‍വഴി ഒത്തുകൂടി ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നെന്ന് ഒരു പാര്‍ലമെന്റംഗം പറഞ്ഞു. 1980-കളിലെ വംശീയ കലാപങ്ങളെ ഓര്‍മപ്പെടുത്തുന്നതാണ് ഈ കലാപമെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല