സ്വന്തം ലേഖകന്‍: ആരാണ് കൂടുതല്‍ സുന്ദരികള്‍? മലയാളി വനിതകളും തമിഴ് വനിതകളും തമ്മില്‍ ടിവി സംവാദം, വിവാദമായപ്പോള്‍ പരിപാടി ഉപേക്ഷിച്ച് ചാനല്‍ തലയൂരി. ‘നീയാ നാനാ’ എന്ന പേരില്‍ വിജയ് ടി.വി സംപ്രേഷണം ചെയ്യാനിരുന്ന പരിപാടിയാണ് വിവാദത്തെ തുടര്‍ന്ന് അവസാന നിമിഷം വേണ്ടെന്നു വെച്ചത്. സെറ്റ് സാരി അണിഞ്ഞ മലയാളി സ്ത്രീകളെയും കാഞ്ചീപുരം പട്ടുസാരി അടക്കം പരമ്പരാഗത തമിഴ് വേഷം ധരിച്ച തമിഴ് സ്ത്രീകളെയും പങ്കെടുപ്പിച്ചായിരുന്നു സംവാദം.
ചിത്രീകരണം പൂര്‍ത്തിയാക്കി പരിപാടി സംപ്രേഷണം ചെയ്യുന്നതായി തുടര്‍ച്ചയായി വന്‍ പരസ്യമാണ് ചാനല്‍ നല്‍കിയിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ അടക്കം പരിപാടിയെക്കുറിച്ച് പരസ്യം വന്നതോടെ സ്ത്രീപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതാണ് പരിപാടിയെന്നും ചാനലിനെതിരെ കേസെടുക്കണമെന്നും സംപ്രേഷണം തടയണമെന്നും ആവശ്യപ്പെട്ട് കാഞ്ചീപുരത്തെ മക്കള്‍ മണ്‍ട്രം എന്ന സംഘടന പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് ചാനല്‍ പരിപാടി സംപ്രേക്ഷണം ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. വ്യാപക പരാതികളെ തുടര്‍ന്നാണ് പരിപാടി ഉപേക്ഷിച്ചതെന്ന് സംവിധായകന്‍ അന്തോണി വ്യക്തമാക്കി. മലയാളി സ്ത്രീകളും തമിഴ് സ്ത്രീകളും തങ്ങളുടെ വസ്ത്രധാരണം, ആഭരണങ്ങള്‍ എന്നിവയുടെ ഭംഗിയും നേതൃപാടവവും വിശദീകരിച്ച് സൗഹൃദാന്തരീക്ഷത്തില്‍ പരസ്പരം വാദപ്രതിവാദങ്ങള്‍ നടത്തുന്ന പരിപാടി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി അദ്ദേഹം ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല