സ്വന്തം ലേഖകന്‍: ‘തമിഴ്‌നാട് ദാവൂദ്’ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര കുറ്റവാളി ശ്രീധര്‍ ധനപാലനെ കംബോഡിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴു കൊലപാതകങ്ങളടക്കം നിരവധി കേസുകളില്‍ പ്രതിയായ ശ്രീധര്‍ കുറച്ചുകാലമായി കംബോഡിയയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ ദാവൂദ് ഇബ്രാഹിം എന്നാണ് ഈ നാല്‍പ്പത്തിനാലുകാരന്‍ അറിയപ്പെട്ടിരുന്നത്.
ഇന്ത്യയിലെ വിവിധ കുറ്റാന്വേഷണ ഏജന്‍സികളും ഇന്റര്‍പോളും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. ദുബൈയില്‍ എണ്ണക്കച്ചവടം നടത്തിയിരുന്ന ശ്രീധര്‍ കുറച്ചുകാലം ശ്രീലങ്കയിലെ കൊളംമ്പോയില്‍ താമസിച്ചു. അവിടെ നിന്നാണ് കംബോഡിയയില്‍ എത്തിയത്.
വീട്ടില്‍ സയനൈഡ് കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ ശ്രീധറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മരവിപ്പിച്ചപ്പോള്‍ ബോട്ട് മാര്‍ഗമാണ് ഇയാള്‍ കൊളംബോയിലേക്കും പിന്നീട് കംബോഡിയയിലേക്കും കടന്നത്. ശ്രീധറിന്റെ ഭാര്യ കുമാരിയും പെണ്‍മക്കളായ ധനലക്ഷ്മിയും ചാരുമതിയും തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു താമസിക്കുന്നുണ്ട്. മകന്‍ സന്തോഷ് ലണ്ടനില്‍ പഠിക്കുകയാണ്.
ബുധനാഴ്ച വൈകിട്ട് കാഞ്ചീപുരത്തുള്ള കൂട്ടാളികളെ ഫോണില്‍ വിളിച്ച് താന്‍ മരിക്കാനൊരുങ്ങുന്നു എന്ന് ശ്രീധര്‍ പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്കു തിരിച്ചുവരാന്‍ ശ്രീധര്‍ ശ്രമിച്ചപ്പോള്‍ പോലീസ് അതിനു സമ്മതിച്ചില്ല എന്നാണ് ബന്ധുക്കളുടെ ആരോപണം. നാല്‍പ്പത്തിമൂന്നു കേസുകളില്‍ പ്രതിയാണ് ശ്രീധര്‍. ഇന്ത്യയില്‍ വന്നാല്‍ തമിഴ്‌നാട് പോലീസ് തന്നെ വ്യാജ ഏറ്റുമുട്ടലില്‍ വധിക്കുമെന്ന് താന്‍ ഭയക്കുന്നതായി ശ്രീധര്‍ 2016ല്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
തനിക്കെതിരായ ഏതെങ്കിലും കേസു തെളിയിച്ചാല്‍ സയനൈഡ് കഴിച്ച് മരിക്കാന്‍ തയാറാണെന്നും ഇയാള്‍ അന്നു പറഞ്ഞിരുന്നു. ഭൂമി ഇടപാടുകളിലും മറ്റും താന്‍ പറയുന്നതിനു വഴങ്ങാത്തവരെ കൂട്ടാളികളെ വിട്ട് ആക്രമിക്കുകയായിരുന്നു പതിവ്. ശ്രീധറിന്റെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല