സ്വന്തം ലേഖകന്‍: മോദിയുടെ ഓഫീസിനു മുന്നില്‍ തുണിയുരിഞ്ഞ് തമിഴ്നാട് കര്‍ഷകരുടെ പ്രതിഷേധം. ഒരു മാസത്തോളമായി ഡല്‍ഹിയില്‍ സമരം നടത്തിവരുന്ന കര്‍ഷകര്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ റെയ്സിന ഹില്‍സില്‍ നഗ്നരായി പ്രകടനം നടത്തിയത്. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്കൊപ്പം മോദി അക്ഷര്‍ധാം ക്ഷേത്രസന്ദര്‍ശനവും മറ്റും നടത്തുന്നതിനിടയിലായിരുന്നു സമരം.
തമിഴ്നാട്ടിലെ തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി ഭാഗങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ മാര്‍ച്ച് 14 മുതല്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം നടത്തിവരികയാണ്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടി കഴുത്തില്‍ തൂക്കി ദിവസങ്ങള്‍ പ്രതിഷേധിച്ച അവര്‍, ചത്ത എലിയേയും പാമ്പിനേയുമൊക്കെ വായില്‍ തിരുകിയും തല മൊട്ടയടിച്ചുമൊക്കെ വേറിട്ട സമര രീതികളിലൂടെ മാധ്യമ ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. തമിഴ്നാടിന് 40,000 കോടിയുടെ കാര്‍ഷിക സഹായമാണ് സമരക്കാരുടെ പ്രധാന ആവശ്യം.
കാര്‍ഷിക മേഖലയെ സൂചിപ്പിക്കുന്ന പച്ചതുണി തലയില്‍ ചുറ്റി ഷര്‍ട്ടു പോലുമില്ലാതെ അര്‍ധനഗ്നരായി മുഴുവന്‍ സമരവേദിയില്‍ നിന്നാണ് ഇവരുടെ പ്രതിഷേധം. വെള്ളം കിട്ടാതെയും കാലാവസ്ഥ മോശമായതു വഴിയും കൃഷിനശിച്ച കര്‍ഷകരില്‍ 144 പേര് ഒക്ടോബറിനും ഡിസംബറിനുമിടയില്‍ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമരക്കാര്‍ പലവട്ടം ശ്രമിച്ചിരുന്നു.
തിങ്കളാഴ്ച മോദിയെ കാണാന്‍ അവസരം കിട്ടുമെന്ന ഉറപ്പു ലഭിച്ചതിനെ തുടര്‍ന്ന് ഏഴംഗ പ്രതിനിധി സംഘം അര്ധനഗ്നരായിത്തന്നെ രാഷ്ട്രപതി ഭവനു മുന്നിലെ സൗത്ത് ബ്ലോക്കില്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തിലെത്തി. എന്നാല്‍, കൂടിക്കാഴ്ചക്കു പകരം നിവേദനം ഓഫീസില്‍ ഏല്പിക്കാനായിരുന്നു നിര്‍ദേശം. പൊലീസ് വണ്ടിയില്‍ തിരിച്ചു കൊണ്ടുപോകുമ്പോഴായിരുന്നു സമരക്കാരില്‍ മൂന്നു പേര് തുണിയുരിഞ്ഞ് പുറത്തു ചാടി പ്രതിഷേധം തുടങ്ങിയത്. ഏതാനും മിനിട്ടുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ സംഘാംഗങ്ങളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല