സ്വന്തം ലേഖകന്‍: സ്വന്തം മൂത്രം കുടിച്ചും മലം ഭക്ഷിച്ചും സമരം, ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ തമിഴ്നാട് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കുന്നു. സ്വന്തം മൂത്രം കുടിച്ചും മലം ഭക്ഷിച്ചും സമരം കടുപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം. നേരത്തെ തലയോട്ടികള്‍ കഴുത്തിലണിഞ്ഞും നഗ്നരായും കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. എലിയേയും പാമ്പിനേയും കടിച്ചും പ്രതീകാത്മക ശവമടക്ക് നടത്തിയും കര്‍ഷര്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. ഇപ്പോള്‍ ബോട്ടിലുകളില്‍ ശേഖരിച്ച മൂത്രം കയ്യില്‍ പിടിച്ചു കൊണ്ടിരിക്കുകയാണ് കര്‍ഷകര്‍.
സര്‍ക്കാരിന്റെ പ്രതികരണം അറിയുന്നത് വരെ മൂത്രം കയ്യില്‍ സൂക്ഷിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. തങ്ങളുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ മൂത്രം കുടിക്കുകയും മലം ഭക്ഷിക്കുകയും ചെയ്യുമെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. തമിഴ്നാട്ടില്‍ കുടിവെള്ളം പോലും കിട്ടാനില്ലെന്നും പ്രധാനമന്ത്രി തങ്ങളുടെ ആവശ്യങ്ങള്‍ അവഗണിക്കുകയാണെന്നും കര്‍ഷക സംഘടനാ പ്രതിനിധി പി. അയ്യാക്കണ്ണ് പറഞ്ഞു.
സര്‍ക്കാരിന്റെ പ്രതികരണം അറിയാന്‍ രണ്ട് ദിവസം കൂടി കാത്തിരിക്കാന്‍ തയ്യാറാണെന്ന് കര്‍ഷക സംഘടന ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും കര്‍ഷക പ്രതിനിധികളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് രണ്ട് ദിവസം കാത്തിരിക്കാന്‍ തീരുമാനിച്ചത്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്നും വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജ് പുതുക്കി നിശ്ചയിക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല