സ്വന്തം ലേഖകന്‍: കില്‍ബില്‍ ചിത്രീകരണത്തിനിടെ ടോറന്റിനോ തന്റെ ജീവന്‍ അപകടപ്പെടുത്തിയേനെയെന്ന് നടി ഉമ തര്‍മാന്‍; ആ സംഭവം തങ്ങളുടെ ബന്ധം ഉലച്ചതായി കുറ്റസമ്മതം നടത്തി ടോറന്റിനോ. പ്രശസ്ത ഹോളിവുഡ് ചിത്ര പരമ്പരയായ കില്‍ബില്‍ ചിത്രീകരണത്തിനിടെ താന്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് നടി ഉമ തര്‍മാന്‍ വെളിപ്പെടുത്തിയതിന് തൊട്ട് പിന്നാലെയാണ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ ക്വിന്റന്‍ ടെറന്റിനോ രംഗത്തെത്തിയത്.
താല്‍പര്യമില്ലാത്ത സാഹസത്തിന് സംവിധായകന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നാണ് ഉമയുടെ ആരോപണം. ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു കാര്‍ അപകടത്തിന്റെ വീഡിയോ ഇതിന് തെളിവായി ഉമ പുറത്തുവിട്ടു. ന്യൂയോര്‍ക്ക് ടൈംസിലൂടെയാണ് ഉമ സംഭവം വെളിപ്പെടുത്തിയത്. കില്‍ ബില്‍ രണ്ടാം ഭാഗം പുറത്തിറങ്ങി പതിനാല് വര്‍ഷമായി. അപകടത്തിന്റെ വീഡിയോ അന്ന് ഉമ ചോദിച്ചിട്ടും നിര്‍മാതാക്കള്‍ അത് നല്‍കാന്‍ തയ്യാറായില്ല. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിര്‍മാതാക്കളായ മിര്‍മാക്ക്‌സ് വീഡിയോ ഉമയ്ക്ക് നല്‍കിയത്.
നീല കണ്‍വെര്‍ട്ടിബിള്‍ കാര്‍ അതിവേഗത്തില്‍ ഓടിക്കുന്ന ഉമയ്ക്ക് ഒരു ഘട്ടത്തില്‍ നിയന്ത്രണം നഷ്ടമാകുകയും മരത്തില്‍ ശക്തമായി ഇടിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഇടിയുടെ ആഘാതത്തില്‍ സ്റ്റിയറിങ്ങിനും സീറ്റിനും ഇടയില്‍ കുടുങ്ങിയ താന്‍ ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത് എന്ന് ഉമ പറഞ്ഞു.
‘ആ രംഗം ചെയ്യാന്‍ ഉമ തയ്യാറായില്ല. എന്നാല്‍ എന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഉമ അവസാനം അത് ചെയ്യാന്‍ സമ്മതിച്ചു. പക്ഷേ അത് വലിയൊരു അപകടത്തിലാണ് കലാശിച്ചത്. എന്റെ കരിയറില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. അത് ഞാനും ഉമയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേല്‍പിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉമ തന്നോട് നന്നായി സംസാരിക്കാന്‍ പോലും തയ്യാറാകുന്നത്,’ ടെറന്റിനോ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല