സ്വന്തം ലേഖകൻ: എ.ആർ.റഹ്‌മാന്റെ മകൾ ബുർഖ ധരിച്ച ചിത്രം പങ്കുവച്ച് എഴുത്തുകാരി തസ്ലിമ നസ്‌റിൻ നടത്തിയ പരാമർശത്തിനു മറുപടിയുമായി ഖദീജ രംഗത്ത്. റഹ്‌മാന്റെ മകൾ ഖദീജ ബുർഖ ധരിച്ചുള്ള ചിത്രം കാണുമ്പോൾ തനിക്കു അസ്വസ്ഥതയും വീർപ്പുമുട്ടലും ഉണ്ടാകുന്നതായി തസ്ലിമ നേരത്തെ ട്വീറ്റ് ചെയ്‌തിരുന്നു. തസ്ലിമയുടെ ട്വീറ്റിന് റഹ്‌മാന്റെ മകൾ കഴിഞ്ഞ ദിവസം മറുപടി നൽകി. നിരവധിപേർ തസ്ലിമയെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. ഏത് വസ്ത്രം ധരിക്കുന്നു എന്നത് ഓരോരുത്തരുടെ താൽപര്യമല്ലേ എന്ന് പലരും ചോദിച്ചു.
തസ്ലിമയുടെ ട്വീറ്റ് ഇങ്ങനെ: “എ.ആര്‍.റഹ്‌മാന്റെ സംഗീതം എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകളെ കാണുമ്പോഴെല്ലാം എനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടും. ഒരു സാംസ്‌കാരിക കുടുംബത്തിൽ നിന്നുള്ള വിദ്യാസമ്പന്നരായ സ്ത്രീകളുടെ ചിന്താഗതിയെ പോലും എത്ര വേഗത്തിലാണ് മാറ്റാൻ സാധിക്കുന്നത്.”
തസ്ലിമയ്‌ക്ക് ഖദീജ നൽകിയ മറുപടി നിരവധിപേർ ഏറ്റെടുത്തു. കഴിഞ്ഞ ഒരു വർഷമായി ഇതുതന്നെയല്ലേ ചർച്ചയെന്ന് ഖദീജ ചോദിക്കുന്നു. ഈ രാജ്യത്ത് എന്തെല്ലാം പ്രശ്‌നങ്ങള്‍ നടക്കുന്നു, എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചാണല്ലോ ചര്‍ച്ചയെന്ന് ഖദീജ ഇൻസ്റ്റഗ്രാം പോസ്റ്റിൽ മറുപടിയായി പറഞ്ഞു. തസ്ലിമയുടെ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് മറുപടി. ചെയ്യുന്ന കാര്യങ്ങളിൽ താൻ സന്തുഷ്‌ടയാണെന്നും അഭിമാനിക്കുന്നു എന്നും ഖദീജ പറഞ്ഞു.
“തന്റെ വസ്ത്രധാരണത്തിൽ ശ്വാസംമുട്ടൽ തോന്നുന്നതിൽ വിഷമമുണ്ടെന്ന് ഖദീജ പറഞ്ഞു. യഥാര്‍ഥ ഫെമിനിസം എന്താണെന്ന് അറിയാൻ ഗൂഗിൾ ചെയ്‌തുനോക്കുക. കാരണം അത് മറ്റ് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയോ അവരുടെ പിതാക്കന്മാരെ പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്ക്കുകയോ ചെയ്യലല്ല. നിങ്ങളുടെ പരിശോധനയ്ക്കായി എന്റെ ചിത്രങ്ങൾ ഞാന്‍ അയച്ചതായും ഓര്‍ക്കുന്നില്ല,” ഖദീജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല