1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2021

സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ ഇനി ടാറ്റ ഗ്രൂപ്പിന് സ്വന്തം. നഷ്ടത്തിലായ പൊതുമേഖല വിമാനക്കമ്പനി ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് സമര്‍പ്പിച്ച താല്‍പര്യപത്രം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതലസമിതി അംഗീകരിച്ചു. പതിനെണ്ണായിരം കോടിരൂപയ്ക്കാണ് കൈമാറ്റം. ഡിസംബര്‍ 31ന് അകം കൈമാറ്റം പൂര്‍ത്തിയാക്കുമെന്ന് ഡി.ഐ.പി.എ.എം. സെക്രട്ടറി ടുഹിന്‍ പാണ്ഡെ ‍ഡല്‍ഹിയില്‍ അറിയിച്ചു. ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് സ്ഥാപകന്‍ അജയ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവുമാണ് എയര്‍ ഇന്ത്യക്കായി താല്‍പര്യപത്രം സമര്‍പ്പിച്ചത്.

കേന്ദ്രം നിശ്ചയിച്ച റിസര്‍വ് തുക 12,906 കോടിരൂപയായിരുന്നു. കമ്പനികളെ വിലയിരുത്താന്‍ ഉപയോഗിക്കുന്ന പ്രധാന മാനദണ്ഡങ്ങളിലൊന്നായ എന്‍റര്‍പ്രൈസ് വാല്യൂ അഥവാ സംരംഭ മൂല്യം അടിസ്ഥാനമാക്കിയാണ് എയര്‍ ഇന്ത്യയുടെ വില്‍പന. ഇതനുസരിച്ച് എയര്‍ ഇന്ത്യയുടെ കടബാധ്യതയില്‍ 15,300 കോടിരൂപ ടാറ്റ ഏറ്റെടുക്കും. പതിനെണ്ണായിരം കോടിരൂപയുടെ 15 ശതമാനമായ 2700 കോടിരൂപ പണമായി കേന്ദ്രസര്‍ക്കാരിനു നല്‍കും.

ഇക്കൊല്ലം ഓഗസ്റ്റ് 31വരെയുള്ള കണക്കനുസരിച്ച് 61,562 കോടിരൂപയാണ് എയര്‍ ഇന്ത്യയുടെ കടബാധ്യത. എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ഒരുവര്‍ഷത്തേക്ക് ജോലി നഷ്ടപ്പെടില്ലെന്ന് വ്യോമയാന സെക്രട്ടറി രാജീവ് ബന്‍സാല്‍ പറഞ്ഞു. രണ്ടാംവര്‍ഷം വി.ആര്‍.എസ്. നടപ്പാക്കും. വിരമിച്ചവര്‍ക്കും ഇനി വിരമിക്കുന്നവര്‍ക്കും ഗ്രാറ്റുവിറ്റി, പി.എഫ്. ആനുകൂല്യങ്ങള്‍ ലഭിക്കും.

എയര്‍ ഇന്ത്യ അഞ്ചുവര്‍ഷത്തേക്ക് ടാറ്റയ്ക്ക് മറ്റാര്‍ക്കും കൈമാറാന്‍ കഴിയില്ല. 1932ല്‍ ജെ.ആര്‍.ഡി. ടാറ്റ സ്ഥാപിച്ച വിമാനക്കമ്പനിയാണ് എയര്‍ ഇന്ത്യയായതും 1953ല്‍ ദേശസാല്‍ക്കരണത്തിലൂടെ കേന്ദ്രസര്‍ക്കാരിനു കീഴിലായതും. 2001ലും 2018ലും എയര്‍ ഇന്ത്യ വിറ്റഴിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് ഒടുവില്‍ ലക്ഷ്യംകണ്ടത്. 68 വര്‍ഷങ്ങള്‍ക്കുശേഷം എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ തറവാട്ടിലേക്ക്. വെല്‍ക്കം ബാക്ക് എയര്‍ ഇന്ത്യയെന്നായിരുന്നു രത്തന്‍ ടാറ്റയുടെ ട്വീറ്റ്.

എയർ ഇന്ത്യയുടെ 60%, ഇന്ത്യൻ എയർലൈൻസിന്റെ 51% വീതം ഓഹരികൾ വിൽക്കാൻ 2000 ൽ കേന്ദ്രം തീരുമാനിച്ചിരുന്നു. പിന്നീട് 2007ൽ ഇന്ത്യൻ എയർലൈൻസിനെ എയർ ഇന്ത്യയിൽ ലയിപ്പിച്ചു. 2012ൽ സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിച്ച് 30,000 കോടി രൂപ വകയിരുത്തി 10 വർഷത്തെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു. എന്നാൽ 2017ൽ വീണ്ടും സ്വകാര്യവൽക്കരണത്തിനു തീരുമാനിച്ചു. 76% ഓഹരി വിൽക്കാൻ 2018 ൽ താൽപര്യപത്രം ക്ഷണിച്ചെങ്കിലും ആരും വാങ്ങാൻ തയാറായില്ല.

വിൽപനനീക്കം പലതവണ അനിശ്ചിതത്വത്തിലായശേഷം എയർ ഇന്ത്യയുടെയും ഉപകമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെയും 100% ഓഹരിയും വിൽക്കാൻ 2020 ജനുവരിയിൽ തീരുമാനിച്ചു. ഇതിനു ശേഷവും പലതവണ തീയതി നീട്ടേണ്ടിവന്നു. പതിറ്റാണ്ടുകളായി ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ തിരിച്ചെത്താന്‍ ശ്രമം നടത്തിവരുകയായിരുന്നു ഗ്രൂപ്പ്. അതുകൊണ്ടുതന്നെ വിശദമായ പഠനം നടത്തിയ ശേഷം തന്നെയാണ് എയര്‍ ഇന്ത്യക്കായി സാമ്പത്തിക ലേലപത്രിക നല്‍കിയത്. കമ്പനിയെക്കുറിച്ചുള്ള ഓരോ കാര്യവും അടുത്തറിഞ്ഞ്, സാധ്യതകളും പോരായ്മകളും മനസ്സിലാക്കിത്തന്നെയാണ് ടാറ്റ എത്തിയിരിക്കുന്നത്.

ജെ.ആര്‍.ഡി. ടാറ്റ വര്‍ഷങ്ങളോളം ചെയര്‍മാനായിരുന്ന കമ്പനി, ഇപ്പോഴത്തെ ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ടാറ്റയും എയര്‍ ഇന്ത്യയുടെ ചെയര്‍മാനായിരുന്നു. തുടക്കംമുതല്‍ 1990 വരെ എയര്‍ഇന്ത്യയുമായി ടാറ്റ ഗ്രൂപ്പ് പലതരത്തില്‍ ബന്ധപ്പെട്ടിരുന്നു. അന്നത്തെ സ്ഥിതിയല്ല ഇപ്പോള്‍, കടബാധ്യതയേറി. അതുകൊണ്ടുതന്നെ ഓരോ പ്രശ്നവും കൃത്യമായി വിലയിരുത്തേണ്ടതുണ്ടായിരുന്നു.

കമ്പനിയുടെ സേവനങ്ങള്‍ സൂക്ഷ്മമായി പഠിച്ചാണ് ടാറ്റയെത്തിയത്. 2018-ല്‍ എയര്‍ ഇന്ത്യക്കായി ഒരു താത്പര്യപത്രം പോലും ലഭിച്ചിരുന്നില്ല. പിന്നീട് 100 ശതമാനം ഓഹരികളും വില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായശേഷമാണ് ടാറ്റ മുന്നോട്ടുവന്നത്. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍, ഗ്രൂപ്പ് സി.എഫ്.ഒ. സൗരഭ് അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘംതന്നെ എയര്‍ ഇന്ത്യ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പഠിക്കാനും വിശകലനം ചെയ്യാനും പ്രവര്‍ത്തിച്ചു.

സീബറി, അല്‍വാരസ് ആന്‍ഡ് മാര്‍സല്‍, എ.സെഡ് ബി. ആന്‍ഡ് പാര്‍ട്ണേഴ്സ്, പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് തുടങ്ങി വിദേശ കണ്‍സല്‍ട്ടന്‍സികളെയും പഠനത്തിനായി നിയോഗിച്ചു. ദിവസം 20 കോടിയോളം രൂപ നഷ്ടമുണ്ടാക്കുന്ന എയർ ഇന്ത്യയുടെ ചെലവു കുറയ്ക്കുന്നതിനായിരിക്കും ടാറ്റ ഗ്രൂപ്പിന്റെ പ്രഥമ പരിഗണന. ടാറ്റ ഗ്രൂപ്പ് സി.എഫ്.ഒ. ആയ സൗരഭ് അഗർവാളായിരിക്കും ഇതിനു നേതൃത്വം നൽകുക. ചെലവുകുറയ്ക്കുന്നതിലൂടെ മറ്റുകമ്പനികളുമായി മത്സരക്ഷമമാക്കുകയാണ് ലക്ഷ്യം. കമ്പനിയുടെ മാനേജ്‌മെന്റ് തലത്തിൽ അടിമുടി പരിഷ്കാരങ്ങളുണ്ടാകും. തലപ്പത്ത് പുതിയ സി.ഇ.ഒ. എത്തും. ഇന്ത്യക്കു പുറത്തുനിന്നുള്ള ആരെങ്കിലുമാകും ഈ സ്ഥാനത്തേക്കെത്തുകയെന്നാണ് റിപ്പോർട്ടുകൾ. കൈമാറ്റം പൂർത്തിയാകുന്നതോടെ പുതിയ ഡയറക്ടർമാരും കമ്പനിയിലെത്തും.

ചെലവുചുരുക്കലിന് വിപുലമായ പദ്ധതികളാണ് ഒരുങ്ങുന്നത്. ചെലവുകൂടിയ ബാധ്യതകൾ കണ്ടെത്തി ബദൽസംവിധാനമൊരുക്കും. വലിയ തുകയിലുള്ള കരാറുകൾ പുനഃപരിശോധിക്കും. വാടകയുമായി ബന്ധപ്പെട്ട ബാധ്യതകളും കുറച്ചുകൊണ്ടുവരും. പഴയ വിമാനങ്ങളുടെ നവീകരണവും മുൻഗണനപ്പട്ടികയിലുണ്ട്. ബോയിങ്, എയർബസ് പോലുള്ള വിമാനകമ്പനികളുമായി ബന്ധപ്പെട്ട് പഴയവിമാനങ്ങൾ മാറ്റുന്നതും പരിഗണിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.