സ്വന്തം ലേഖകൻ: യുകെയിൽ 400 കോടി പൗണ്ട് (ഏകദേശം 42,000 കോടി രൂപ) ചെലവില്‍ ബാറ്ററിനിര്മാണകേന്ദ്രം തുടങ്ങാന്‍ ടാറ്റ സണ്‍സ് പദ്ധതി. വൈദ്യുതവാഹനങ്ങളിലും വിവിധ ഊര്‍ജമേഖലകളിലും ഉപയോഗിക്കാവുന്ന ബാറ്ററിസെല്ലുകളും ബാറ്ററി പായ്ക്കുമാണ് ഇവിടെനിര്മിക്കുക. യൂറോപ്പിലെ ഏറ്റവുംവലിയ ബാറ്ററി നിര്മാണശാലയാകും ഇതെന്നും ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് പറഞ്ഞു.
വര്‍ഷം 40 ജിഗാവാട്ട് സെല്ലുകള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് ഇതിനുണ്ടാവുക. വൈദ്യുത വാഹനങ്ങളിലും പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജമേഖലയിലും ടാറ്റ ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടാറ്റ മോട്ടോഴ്സിനുകീഴിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവറാണ് ഫാക്ടറി നിര്‍മിക്കുക. 2026-ല്‍ ഉത്പാദനം തുടങ്ങാനാണ് പദ്ധതി.
ഇലക്ട്രിക് വാഹന മേഖലയിലെ നിര്‍ണായക നീക്കമായാണ് ടാറ്റ മോട്ടോഴ്സിന്റെ കീഴിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ബാറ്ററി നിര്‍മാണശാലയെ വിശേഷിപ്പിക്കുന്നത്. ജഗ്വാര്‍, ലാന്‍ഡ് റോവര്‍ കമ്പനികള്‍ ഒരുക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ബാറ്ററികളായിരിക്കും ഇവിടെ ഒരുങ്ങുക. ജഗ്വാറിന്റെ വാഹന ശ്രേണിയില്‍ ഐ-പേസ് എന്ന ഇലക്ട്രിക് വാഹനം ഒരുങ്ങുന്നുണ്ടെങ്കിലും ലാന്‍ഡ് റോവറിന്റെ വാഹന നിരയില്‍ ഇലക്ട്രിക് വാഹനം എത്തിയിട്ടില്ല. ഇത് അടുത്ത വര്‍ഷത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പരമ്പരാഗത മാര്‍ക്കറ്റ് ആണെന്നത് കണക്കിലെടുത്താണ് ടാറ്റ മോട്ടോഴ്സിന്റെ ബാറ്ററി നിര്‍മാണ പ്ലാന്റ് യുകെയില്‍ ആരംഭിക്കാന്‍ കമ്പനി തീരുമാനിച്ചതെന്നാണ് വിലയിരുത്തലുകള്‍. 40 ജിഗാവാട്ട് ശേഷിയുള്ളതിനാല്‍ തന്നെ പ്രതിവര്‍ഷം അഞ്ച് ലക്ഷത്തോളം വാഹനങ്ങള്‍ക്കുള്ള ബാറ്ററി നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ബാറ്ററി നിര്‍മാണ ശാല ഉയരുന്നതോടെ വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെതായി ആറ് ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തുമെന്നാണ് വിവരങ്ങള്‍. 2039-ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം വിപണിയില്‍ എത്തിക്കുന്ന വാഹന നിര്‍മാതാക്കളായി മാറാനാണ് ജഗ്വാര്‍ ലാന്‍ഡ് റോവര്‍ പദ്ധതി ഒരുക്കിയിരിക്കുന്നത്. കമ്പനിയുടെ ഇലക്ട്രിക് വാഹന പദ്ധതികള്‍ക്കായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 15 ബില്ല്യണ്‍ പൗണ്ടിന്റെ നിക്ഷേപമാണ് നടത്തുകയെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല