സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കുമേല്‍ നികുതി ഏര്‍പ്പെടുത്തി സൗദി അറേബ്യ, സ്വദേശിവത്കരണം ശക്തമാക്കാനും തീരുമാനം. പ്രതിമാസം 700 റിയാല്‍ വരെ നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം 2017 ലേക്കുള്ള ബജറ്റിലാണ് പ്രഖ്യാപിച്ചത്. കൂടാതെ, സ്വദേശികളെ കൂടുതല്‍ നിയമിക്കുന്ന കമ്പനികള്‍ക്കു നികുതി ഇളവു നല്‍കുമെന്നും സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവ് അവതരിപ്പിച്ച ബജറ്റില്‍ പറയുന്നു.
പ്രവാസി ജോലിക്കാര്‍ക്ക് പ്രതിമാസം നൂറ് റിയാല്‍ മുതല്‍ 700 റിയാല്‍ വരെ നികുതി ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. ആശ്രിത വീസയിലുള്ളവര്‍ പ്രതിമാസം 200 മുതല്‍ 400 റിയാല്‍ വരെ നികുതി നല്‍കേണ്ടി വരും. തൊഴില്‍ മേഖലയിലെ കടുത്ത നടപടികളും ബജറ്റിലെ പുതിയ നികുതി നിര്‍ദ്ദേശവും സൗദി അറേബ്യയിലെ മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹത്തിന് കനത്ത തിരിച്ചടിയാകും.
റിയാദിലെ യമാമ കൊട്ടാരത്തില്‍ വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത സൗദി കാബിനറ്റിന്റെ അസാധാരണ യോഗത്തിലാണ് സല്‍മാന്‍ രാജാവ് ബജറ്റ് അവതരിപ്പിച്ചത്. സമീപകാലത്ത് എണ്ണവിലയിലുണ്ടായ ഇടിവും സാമ്പത്തികരംഗത്ത് അന്താരാഷ്ട്ര തലത്തിലുണ്ടായ മാന്ദ്യവും രാജ്യത്തെ സാമ്പത്തിക നിലയെ ബാധിച്ചെങ്കിലും ഇത് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് തടസം നില്‍ക്കരുത് എന്ന കര്‍ക്കശമായ താല്‍പ്പര്യമാണ് ചില കടുത്ത സാമ്പത്തിക നിര്‍ദ്ദേശങ്ങള്‍ പുതിയ ബജറ്റില്‍ നിര്‍ദ്ദേശിക്കേണ്ടി വന്നത് എന്നും ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല