സ്വന്തം ലേഖകന്‍: തീരുവ യുദ്ധത്തില്‍ അമേരിക്കയുമായി പിണങ്ങിയ ചൈന ഇന്ത്യയുമായുള്ള പിണക്കം മറക്കുന്നു; അരിയും മരുന്നും പഞ്ചസാരയും ഇന്ത്യയില്‍ നിന്ന് ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യും. യുഎസുമായി വ്യാപാരബന്ധം വഷളായതോടെയാണ് ചൈന അരിയും മരുന്നും പഞ്ചസാരയും സോയാബീനും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമം തുടങ്ങിയത്.
ബസുമതി ഇതര അരിയുടെ കയറ്റുമതിക്കായി ചൈനീസ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ അരി മില്ലുകളില്‍ പരിശോധനയ്ക്കായി എത്തുകയും ചെയ്തു. അധികമാരുമറിയാതെ ചൈനീസ് ഉദ്യോഗസ്ഥര്‍ എത്തിയത് അരിയുടെ ഗുണനിലവാരവും ലഭ്യതയും ഉറപ്പാക്കാനാണെന്നാണു റിപ്പോര്‍ട്ട്. അരിക്കു പുറമേ ഇന്ത്യയില്‍നിന്ന് പഞ്ചസാരയും ഇറക്കുമതി ചെയ്യാന്‍ ചൈന ശ്രമം തുടങ്ങി.
ലോകത്ത് അരിയും പഞ്ചസാരയും ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണു ചൈന. അരി കയറ്റുമതിയില്‍ ലോകത്ത് മുന്നില്‍ ഇന്ത്യയും. അമേരിക്ക ഒരു ഭാഗത്തും ചൈനയും യൂറോപ്യന്‍ യൂണിയനും മറ്റു രാജ്യങ്ങളും മറുഭാഗത്തുമായി നടക്കുന്ന വ്യാപാരയുദ്ധത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവാകാന്‍ ഇന്ത്യക്കു കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന.
അമേരിക്കയുമായുള്ള വ്യാപാരം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയടക്കമുള്ള അഞ്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സോയാബീന്‍ ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതിക്കു ഏര്‍പ്പെടുത്തിയിരുന്ന തീരുവ പിന്‍വലിക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. ചൈനയിലേക്കുള്ള ഏറ്റവും വലിയ ഇറക്കുമതി സോയാബീന്‍സിന്റേതാണ്. കാലിത്തീറ്റ വിലയില്‍ വന്‍ വര്‍ധനയുണ്ടാവുകയും അസംസ്‌കൃതവസ്തുക്കളുടെ ക്ഷാമം വരുകയും ചെയ്താല്‍ വന്‍ കാലിസമ്പത്തുള്ള ചൈനയെ അതു ബാധിക്കുമോയെന്നാണ് അധികൃതരുടെ ആശങ്ക.
ഇന്ത്യന്‍ നിര്‍മിത മരുന്നുകള്‍ക്കായി വിപണി തുറന്നുവയ്ക്കാനും ചൈന ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ജനറിക് മരുന്നുകളുടെ രംഗത്ത് 201718 വര്‍ഷത്തില്‍ 17.3 ബല്യണ്‍ ഡോളറിന്റെ കയറ്റുമതിയുമായി ഇന്ത്യയാണ് ഒന്നാമത്. എന്നാല്‍ ഇതിന്റെ ഒരു ശതമാനം മാത്രമാണ്, ലോകത്തെ രണ്ടാമത്തെ മരുന്നു വിപണിയായ ചൈനയിലേക്കു കയറ്റുമതി ചെയ്തിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ അംഗീകാരമുള്ള ഇന്ത്യന്‍ മരുന്നു വിതരണക്കാര്‍ക്ക് ഡ്രഗ് ലൈസന്‍സ് നല്‍കാന്‍ ചൈനീസ് അധികൃതര്‍ നിര്‍ദേശം നല്‍കിയെന്നാണു റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല