1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2012

ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ്‌ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 328 എന്ന നിലയിലാണ്‌. ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത കിവീസിന്‌ തുടക്കത്തില്‍ പിഴച്ചെങ്കിലും സെഞ്ച്വറിയുമായി ടീമിനെ മുന്നില്‍നിന്നു നയിച്ച നായകന്‍ റോസ്‌ ടെയ്‌ലര്‍ അപകടാവസ്ഥയില്‍നിന്നും കരകയറ്റി.

ആദ്യ ഇന്നിംഗ്സില്‍ കിവീസിനെ ചുരുങ്ങിയ സ്കോറില്‍ ഒതുക്കാമെന്ന സ്വപ്നം ടെയ്‌ലര്‍ തകര്‍ത്തു. സ്കോര്‍ ബോര്‍ഡില്‍ റണ്ണൊന്നും പിറക്കും മുമ്പ്‌ ഓപ്പണര്‍ മക്കല്ലത്തെ എല്‍ബിയില്‍ കുടുക്കിക്കൊണ്ട്‌ സഹീര്‍ ഖാന്‍ കിവീസിനെ ഞെട്ടിച്ചു. എന്നാല്‍ ഈ മികവ്‌ ഉപയോഗിക്കുവാന്‍ ഇന്ത്യക്ക്‌ കഴിഞ്ഞില്ല. ഗുപ്റ്റിലും വില്ല്യംസണും ചേര്‍ന്ന്‌ 63 റണ്‍സിന്റെ കൂട്ടുകെട്ട്‌ ഇവിടെ പടുത്തുയര്‍ത്തി. 17 റണ്‍സെടുത്ത കീന്‍ വില്ല്യംസണിനെ ഓജ വിക്കറ്റിന്‌ മുന്നില്‍ കുടുക്കിയതോടെ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞു. അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഗുപ്റ്റിലിനെയും (53) ഓജതന്നെ മടക്കി.

ഇതോടെ ന്യൂസിലാന്‍ഡ്‌ 3 വിക്കറ്റ്‌ നഷ്ടത്തില്‍ 89 എന്ന നിലയിലെത്തി. തുടര്‍ന്ന്‌ റോസ്‌ ടെയ്‌ലറും ഫ്ലിന്നും ക്രീസില്‍ ഒത്തുചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ ഭീഷണി അവസാനിക്കുകയായിരുന്നു. തുടക്കത്തില്‍ ലഭിച്ച മേല്‍ക്കൈ ഉപയോഗിക്കുവാന്‍ ഇന്ത്യന്‍ ബൗളിംഗ്‌ നിരയ്ക്ക്‌ കഴിഞ്ഞില്ല. സ്കോര്‍ 196 ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ടിനെ പിരിക്കാന്‍ ഇന്ത്യക്ക്‌ കഴിഞ്ഞത്‌. 33 റണ്‍സെടുത്ത ഫ്ലിന്നിനെ അശ്വിന്‍ പുറത്താക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ഫ്രാങ്ക്ലിന്‌ പക്ഷെ തിളങ്ങാനായില്ല. എട്ട്‌ റണ്‍സ്‌ മാത്രം നേടിയ ഫ്രാങ്ക്ലിന്‍ ഓജയുടെ പന്തില്‍ റെയ്നയ്ക്ക്‌ പിടിനല്‍കി മടങ്ങി. തുടര്‍ന്ന്‌ ടെയ്‌ലറര്‍ക്ക്‌ കൂട്ടായെത്തിയത്‌ വിക്കറ്റ്‌ കീപ്പര്‍ വാന്‍വിക്കാണ്‌. ഇരുവരും ചേര്‍ന്ന്‌ ഇന്ത്യന്‍ ബൗളിംഗിന്റെ മുനയൊടിച്ചു.

127 പന്തുകളില്‍നിന്നും 16 ബൗണ്ടറികളുടെയും രണ്ട്‌ സിക്സറുകളുടെയും കരുത്തില്‍ 113 റണ്‍സ്‌ നേടിയ ടെയ്‌ലര്‍ കിവീസിനെ കരുത്തുറ്റ നിലയിലെത്തിച്ചു. വാന്‍വിക്ക്‌ 63 റണ്‍സ്‌ നേടി പുറത്താകാതെ നില്‍ക്കുകയാണ്‌. 30 റണ്‍സെടുത്ത ബ്രേസ്‌വെല്ലാണ്‌ വാന്‍വിക്കിനൊപ്പം ക്രീസില്‍. ഇന്ത്യക്കുവേണ്ടി 4 വിക്കറ്റ്‌ വീഴ്ത്തി ഓജ മികച്ച പ്രകടനം കാഴ്ചവെച്ചു. വെളിച്ചക്കുറവ്‌ മൂലം കളി തടസ്സപ്പെട്ടിരുന്നു. മഴഭീഷണി ഉണ്ടായിരുന്ന ആദ്യദിനം ടെസ്റ്റിനിറങ്ങിയത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.