സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഐടി കമ്പനിയായ ടിസിഎസിനെതിരെ സോഫ്റ്റ്‌വെയര്‍ മോഷണ കേസ്, 6,200 കോടി രൂപ പിഴ. അമേരിക്കന്‍ കമ്പനിയായ എപിക് സിംസ്റ്റംസിന്റെ ഹെല്‍ത്ത്‌കെയര്‍ സോഫ്റ്റ്‌വെയര്‍ മോഷ്ടിച്ചെന്ന പരാതിയിലാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് (ടി സി എസ്) 940 മില്യണ്‍ ഡോളര്‍ (ഏകദേശം 6,200 കോടി രൂപ) അമേരിക്കയിലെ ഫെഡറല്‍ ഗ്രാന്‍ഡ് ജ്യൂറി പിഴയിട്ടത്.
കുറ്റം ചെയ്തിട്ടില്ലെന്നും വിധിക്കെതിരെ മെല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ടി സി എസ് അധികൃതര്‍ പ്രതികരിച്ചു. ടി സി എസിനു പ്രതികൂലമായാണ് അന്തിമ വിധിയെങ്കില്‍ അമേരിക്കയിലെ ഇന്ത്യന്‍ ഐ ടി കമ്പനികളുടെ ചരിത്രത്തിലെ ആദ്യ സംഭവമായി അതു മാറും. ഇതുവരെ ഇമിഗ്രേഷന്‍, വീസ, വേതനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികളിലാണ് ഇന്ത്യന്‍ ഐ ടി കമ്പനികള്‍ അമേരിക്കന്‍ കോടതി കയറിയിട്ടുള്ളത്.
ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോഡ്‌സ് വിതരണക്കാരായ എപിക് സിസ്റ്റംസാണ് തങ്ങളുടെ ഹെല്‍ത്ത്‌കെയര്‍ സോഫ്റ്റ്‌വെയര്‍ ടി സിഎസിന്റെ അമേരിക്കന്‍ ഉപസ്ഥാപനമായ ടാറ്റാ അമേരിക്ക ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് 2014 ഒക്ടോബറില്‍ പരാതി നല്‍കിയത്. 2012നും 2014നും ഇടയില്‍ ടി സി എസ് തങ്ങളുടെ സോഫ്‌റ്റ്വെയര്‍ മോഷ്ടിച്ചതെന്ന് എപിക് സിസ്റ്റംസ് കോടതിയില്‍ വാദിച്ചു.
കൈസര്‍ പെര്‍മനന്റേ എന്ന കമ്പനിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കവേയാണ് ടി സി എസിലെ ജീവനക്കാര്‍ മോഷണം നടത്തിയത്. എപിക്കിന്റെ ഹെല്‍ത്ത് ഇലക്ട്രോണിക് റെക്കോഡ്‌സ് സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് പ്രവര്‍ത്തനം നടത്തുന്ന കമ്പനിയാണ് കൈസര്‍ പെര്‍മനന്റേ. തങ്ങളുടെ സോഫ്‌റ്റ്വെയര്‍ കോഡുകള്‍ മോഷ്ടിച്ച്, ടി സി എസ് സ്വന്തം മെഡിക്കല്‍ സോഫ്‌റ്റ്വെയറായ മെഡ് മന്ത്രയുടെ ഡെവലപ്പിംഗിനായി പ്രയോജനപ്പെടുത്തിയെന്നും എപിക് സിസ്റ്റംസ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല