സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു കൈനോക്കാന്‍ ചായ വില്‍പ്പനക്കാരന്‍. ഗ്വാളിയാറില്‍ നിന്നുള്ള ചായ വില്‍പ്പനക്കാരനായ ആനന്ദ് സിംഗ് കുശ്‌വയാണ് അടുത്ത മാസം നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ചായ വില്‍പ്പനക്കാരന് പ്രധാനമന്ത്രിയാകാമെങ്കില്‍ എന്തുകൊണ്ട് തനിക്ക് രാഷ്ട്രപതി ആയിക്കൂടാ എന്നാണ് 49 കാരനായ ആനന്ദ് സിംഗിന്റെ ചോദ്യം.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ഇരുപതോളം തെരഞ്ഞെടുപ്പുകളില്‍ സിംഗ് മുമ്പ് മത്സരിച്ചിട്ടുണ്ട്. 1994 മുതലാണ് സിംഗ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തുടങ്ങിയത്. നുറോളം ജനപ്രതിനിധികളുടെ പിന്തുണയുള്ളയാളുടെ പത്രിക മാത്രമേ സ്വീകരിക്കൂ. അതിനാല്‍ യു.പിയിലെ എം.എല്‍.എമാരുടെയും എം.പിമാരുടെയും പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സിംഗ്. ദിവസവും ചായ വിറ്റ് കിട്ടുന്ന പൈസയില്‍ നിന്നും ചെറിയ തുക മാറ്റിവച്ചാണ് ഇദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണം കണ്ടെത്തുന്നത്.
2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആനന്ദ് സിംഗ് 376 വോട്ടുകള്‍ നേടിയിരുന്നു. ഒരു തവണയെങ്കിലും വിജയിക്കുക എന്നയാണ് ആനന്ദിന്റെ ലക്ഷ്യം. സ്വന്തമായി വാഹനമില്ലാത്തതിനാല്‍ നടന്നാണ് ഇയാള്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക പ്രകാരം ആനന്ദ് സിംഗിന് കയ്യില്‍ 5000 രൂപ പണമായും പതിനായിരം രൂപയുടെ മറ്റ് സ്വത്തുക്കളുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല