മധ്യവേനല്‍ അവധി കഴിഞ്ഞു കോളേജ് തുറന്നിട്ടും ലണ്ടനിലെ ഒരധ്യാപകന്‍ തിരിച്ചെത്തിയില്ല. കുട്ടികളും കോളേജ് അധികൃതരും പരിഭ്രാന്തരായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് തിരിച്ചറിഞ്ഞത്, അധ്യാപകന് വേറെ ജോലി കിട്ടി. സൊമാലിയയിലെ ഉപപ്രധാനന്ത്രി സ്ഥാനം. ലണ്ടനിലെ ഹാള്‍സ്ഡനിലുള്ള ന്യൂമാന്‍ കാത്തലിക് കോളേജില്‍ അധ്യാപകനായിരുന്ന മുഹമ്മദ് ഇബ്രാഹിം അവധിക്കു നാട്ടില്‍പോയി ഉപപ്രധാനമന്ത്രിയായ കഥ വിശ്വസിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇനിയുമായിട്ടില്ല.
അവധി കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തുമെന്ന് തന്നെയാണ് എല്ലാവരും കരുതിയത്. പിന്നെ കേട്ടു സൊമാലിയയിലെ ഏതോ കോളേജില്‍ ജോലിക്കു ചേര്‍ന്നെന്ന്. കോളേജിന്റെ പ്രധാനാധ്യാപകന്‍ റിച്ചാര്‍ഡ് കൊല്‍ക്ക വിളിച്ചന്വേഷിച്ചപ്പോഴാണ് ഇബ്രാഹിം കാര്യം പറയുന്നത്. കോളേജിലെ ജോലിയില്‍ നിന്ന് വിടുതല്‍ നല്‍കണമെന്നും നാട്ടില്‍ പ്രധാനപ്പെട്ടൊരു ചുമതല തനിക്കു ലഭിച്ചെന്നും കാണിച്ച് ഇബ്രാഹിമിന്റെ ഇ-മെയില്‍ സന്ദേശം പിന്നാലെ വന്നു.
ക്ഷാമത്തിനും പട്ടിണി മരണത്തിനുമിടയില്‍പ്പെട്ടു വലയുന്ന ജന്മനാടിന്റെ ഉപപ്രധാനമന്ത്രിപദമാണ് പുതിയ ജോലിയെന്ന് അദ്ദേഹം പിന്നാലെ വിശദീകരിച്ചു. ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ ഐക്യരാഷ്ട്ര സഭയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണയോടെ ഭരണം നടത്തുന്ന സര്‍ക്കാറിലേക്കാണ് ഇബ്രാഹിമിനു ക്ഷണം ലഭിച്ചത്. സൊമാലിയയുടെ തലസ്ഥാനത്തിന്റെയും ചില ഭാഗങ്ങളുടെയും നിയന്ത്രണം മാത്രമേ ഈ ഭരണകൂടത്തിനുള്ളൂ. ബാക്കി ഭാഗങ്ങള്‍ ഇപ്പോഴും തീവ്രവാദികളുടെ കൈയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല