ഭീകരാവാദികള്‍ ബന്ദിയെ തലയറുത്ത് കൊല്ലുന്ന വീഡിയോ ക്ലാസ് റൂമില്‍ കാണിക്കാന്‍ വിദ്യാര്‍ത്ഥിക്ക് അനുവാദം നല്‍കിയ ടീച്ചറെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കി. ഗ്രെയിറ്റര്‍ മാഞ്ചസ്റ്ററിലെ വിഗാനിലുള്ള സ്‌കൂളിലാണ് സംഭവം. 14 മുതല്‍ 24 വയസ്സു വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന ചാരിറ്റി സംഘടനയാണ് റാത്ത്‌ബോണ്‍. ഇവിടെ നടന്ന സംഭവത്തിന്റെ പേരിലാണ് 51കാരിയായ മൊയാ ഫ്‌ളെച്ചറിനെ അധികൃതര്‍ പുറത്താക്കിയത്.
ജിഹാദി ആശയം പ്രചരിപ്പിക്കാന്‍ ഉതകുന്ന വീഡിയോ ഇവര്‍ തടയുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥി പ്രദര്‍ശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവരെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
സ്‌കൂളിലെ കുട്ടി വീഡിയോ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ടീച്ചറുടെ അനുവാദം തേടിയിരുന്നു. എന്നാല്‍ സംശയകരമായി ഒന്നും തോന്നാതിരുന്നതിനാല്‍ അനുവാദം നല്‍കി. പിന്നീട് സ്‌ക്രീനില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ കണ്ട് അവര്‍ ഞെട്ടി. ഭീകരന്‍ ഒരാളുടെ ശിരച്ഛേദം നടത്തുന്നതിന്റെ ദൃശ്യമായിരുന്നു അത്. ഉടന്‍ തന്നെ കമ്പ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയും ഇത്തരം വീഡിയോകള്‍ കാണരുതെന്ന് വിദ്യാര്‍ത്ഥിയെ ഉപദേശിക്കുകയും ചെയ്തുവെന്ന് ഫ്‌ളെച്ചര്‍ പറയുന്നു.
മറ്റൊരു അധ്യാപകന്‍ വഴി സംഭവം അറിഞ്ഞ സ്‌കൂള്‍ മാനേജര്‍ ഉടന്‍ തന്നെ മോയ ഫ്‌ളെച്ചറെ പുറത്താക്കുകയായിരുന്നു. റാത്ത്‌ബോണില്‍ ഇന്റര്‍നെറ്റ് സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടെന്നും അതിനാല്‍ തന്നെ ഫയര്‍വാളില്‍ ബ്ലോക്ക് ചെയ്തിട്ടുള്ള ഒരു കണ്ടന്റും കാണാന്‍ കഴിയില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്റ്റാഫ് കമ്പ്യൂട്ടറില്‍ അത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഒന്നുമില്ല. വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയില്‍ പ്രദര്‍ശിപ്പിച്ച വീഡിയോ പ്ലേ ചെയ്തത് സ്റ്റാഫ് കമ്പ്യൂട്ടറില്‍ നിന്നാണ്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളാണ് ബന്ദികളെ തലയറുക്കുന്ന വീഡിയോകള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തത്. ബ്രിട്ടീഷ് ജേര്‍ണലിസ്റ്റ് ജെയിംസ് ഫോളി മുതല്‍ ഏറ്റവും ഒടുവിലായി 40 പേരെ ചുട്ടുകൊന്നത് വരെയുള്ള വീഡിയോകള്‍ ഓണ്‍ലൈനിലുണ്ട്. ജിഹാദി ജോണ്‍ എന്ന് അറിയപ്പെടുന്ന ബ്രിട്ടീഷ് തീവ്രവാദിയാണ് ഒട്ടുമിക്ക വീഡിയോകളിലും സംസാരിക്കുന്നത്. ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണ് ഇയാള്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ബ്രിട്ടീഷുകാര്‍ക്കിടയില്‍ ഐഎസ് പിടിമുറുക്കാതിരിക്കുന്നതിനായി പൊലീസും ഭീകരവിരുദ്ധ സേനയും കടുത്ത പരിശോധനകളാണ് നടത്തുന്നത്. ഭീകര സംഘടനകളെ പിന്തുണയ്ക്കാന്‍ സാധ്യതയുള്ളവരെ പോലും ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്യുന്നുണ്ട്. ഇന്നലെയും ബ്രിട്ടണില്‍ അത്തരത്തിലുള്ള അറസ്റ്റഅ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഭീകരവാദത്തെ പിന്തുണയ്ക്കുന്ന എല്ലാത്തരം പ്രവര്‍ത്തനങ്ങളെയും ബ്രിട്ടീഷ് പൊലീസും മറ്റും ഗുരുതര പ്രശ്‌നമായി നോക്കിക്കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല