ദോഹ. അധ്യാപകര്‍ പ്രവാചക നിയോഗത്തിന്റെ പിന്മുറക്കാരാണെന്നും സമൂഹത്തിന്റെ ക്ഷേമശൈ്വര്യ പൂര്‍ണമായ വളര്‍ച്ചാവികാസത്തിനായി സ്വയം കത്തിയെരിയുന്ന വിളക്കുമാടങ്ങളെന്ന നിലക്ക് അധ്യാപകരെ സമൂഹം വേണ്ടരീതിയില്‍ പരിഗണിക്കണമെന്നും അധ്യാപക ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ അഡ്‌വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പഌസ് ബ്രില്ല്യന്റെ എഡ്യൂക്കേഷന്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത പ്രസംഗകര്‍ അഭിപ്രായപ്പെട്ടു. വെളുത്ത പുസ്തകത്തിലെ കറുത്ത അക്ഷരങ്ങള്‍ മനഃപാഠമാക്കുവാന്‍ വിദ്യാര്‍ഥികളെ സഹായിക്കുകയല്ല മറിച്ച് അക്ഷരങ്ങള്‍ക്കുമപ്പുറം ആശയ സമ്പുഷ്ടമായ ചിന്തയുടേയും അന്വേഷണത്തിന്റേയും അതിരുകളില്ലാത്ത ലോകത്തേക്ക് കടന്നുചെല്ലുവാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന അധ്യാപകരാണ് ആവശ്യപ്പെടുന്നതെന്ന് സെമിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിച്ച ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി അഭിപ്രായപ്പെട്ടു. കുട്ടികളെ പ്രചോദിപ്പിക്കുവാനും നന്മയുടേയും മൂല്യങ്ങളുടേയും പിമ്പലത്തില്‍ ഉന്നതിയിലേക്കെത്തിക്കുവാനും കഴിയുന്ന അനുഗ്രഹീതരായ അധ്യാപകര്‍ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും വമ്പിച്ച സ്വാധീനം ചെലുത്തുവാന്‍ കഴിയുന്നവരാണ്.
ഏതവസരത്തിലും സക്രിയമാകുന്ന ധാര്‍മികാധ്യാപനങ്ങളാണ് മഹാന്മാരായ അധ്യാപകരുടെ സവിശേഷത. കഌസു മുറികളെ വിരസവും വിലക്ഷണവുമാക്കാതെ, കുട്ടികളുടെ സ്വാതന്ത്ര ചിന്തയും ബുദ്ധിപരമായ ഉല്‍സാഹങ്ങളും പരിപോഷിപ്പിക്കുന്ന നിലപാടുകളും സമീപനങ്ങളുമാകും അത്തരം ഗുരുവര്യന്മാരുടെ പ്രത്യേകത. ഈ നിലവാരത്തിലുളള അധ്യാപകരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും സമൂഹവും ഒരു പോലെ ബഹുമാനിക്കുമെന്നതില്‍ തര്‍ക്കമില്ല. ഈ വിതാനത്തിലേക്കുയരുവാനുളള ആഹ്വനമാണ് വാസ്തവത്തില്‍ ഓരോ അധ്യാപക ദിനവും ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു. അധ്യാപകര്‍ സമൂഹത്തിന്റെ വഴി വിളക്കുകളാണ്. അവരോടുള്ള ആദരവിനോ സ്‌നേഹത്തിനോ യാതൊരു കുറവും സംഭവിക്കാന്‍ പാടില്ല. ഇത് നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റേയും ധാര്‍മിക ബോധത്തിന്റേയും പ്രതിഫലനമാണ്. ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും ഉപഭോഗ സംസ്‌കാരത്തിന് വഴി മരുന്നിടുകയും വിദ്യാഭ്യാസ മേഖലപോലും വാണിജ്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഈ രംഗത്ത് പ്രശ്‌നങ്ങളും പ്രതിസന്ധികളും സ്വാഭാവികം. കഴിവിനും യോഗ്യതക്കുമപ്പുറം ഭീമമായ തുക കെട്ടിവെക്കുന്നവര്‍ക്കാണ് പലപ്പോഴും അധ്യാപക തസ്തികള്‍ ലഭിക്കുന്നത് എന്നതും അവിടെ വിസ്മരിക്കാനാവില്ല. വിദ്യാഭ്യാസ രംഗത്തെ എല്ലാ പ്രശ്‌നങ്ങളും മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഹരിക്കുവാനും സമൂഹത്തിന്റെ നെടും തൂണുകളാവേണ്ട പുതിയ തലമുറയെ വാര്‍ത്തെടുക്കുന്ന അധ്യാപക വിഭാഗത്തിന്റെ പ്രാധാന്യം തിരിച്ചറിയുവാനും സമൂഹം വൈമനസ്യം കാണിക്കരുത്. ലോകം ശാസ്ത്ര സാങ്കേതിക വിദ്യയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് അനുദിനം നേടുന്നത്. ഇതൊന്നും പക്ഷേ അധ്യാപകന്റെ പങ്ക് ചെറുതാക്കുന്നില്ല. മറിച്ച് കൂടുതല്‍ സങ്കീര്‍ണവും പ്രസക്തവുമാക്കുകയാണ് ചെയ്യുന്നത്. സമൂഹത്തില്‍ എല്ലാ നിലക്കും ഉയര്‍ന്നുനില്‍ക്കുവാന്‍ അധ്യാപകര്‍ക്ക് കഴിയുകയും സമൂഹം അധ്യാപകരോട് അര്‍ഹമായ കടപ്പാടും സ്‌നേഹാദരവുകളും നിലനിര്‍ത്തുകയും ചെയ്യുമ്പോഴാണ് സമൂഹം കൂടുതല്‍ പ്രബുദ്ധവും ഊര്‍ജസ്വലവുമാകുന്നത്.
ഒരുമേഖലയിലും നൈപുണ്യമില്ലാത്ത ഒരു തലമുറയെയാണ് സമകാലിക വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുന്നത് എന്നത് അത്യന്തം ഗുരുതരമാണ്. വിവരങ്ങളൊക്കെ വിരല്‍തുമ്പില്‍ ലഭ്യമാകുമ്പോഴും വിജ്ഞാനവും തിരിച്ചറിവുമില്ലാത്തവരായി സമൂഹം മാറുമ്പോള്‍ വിദ്യാഭ്യാസ രംഗത്തെ മൂല്യനിര്‍ണയ ശിക്ഷണ രീതികളിലൊക്കെ ഗുണപരമായ മാറ്റം അനിവാര്യമാണെന്നാണ് ഈ ദിനം ഓര്‍മപ്പെടുത്തുന്നത്. സിലബസ് ലോബിയിംഗിന് വേണ്ടി കോടികള്‍ മുടക്കുന്ന കുത്തക കമ്പനികളുടെ താല്‍പര്യങ്ങളല്ല സമൂഹത്തിന്റെ ഉന്നമനമാണ് വിദ്യാഭ്യാസ രംഗത്ത് പരിഗണിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അധ്യാപക ദിനം അധികാരികളേയും സമൂഹത്തേയും അധ്യാപകരേയുമെല്ലാം ഓര്‍മപ്പെടുത്തുന്നത് കൂടുതല്‍ സുതാര്യവും ഊഷ്മളവുമായ അധ്യാപക വിദ്യാര്‍ഥി ബന്ധങ്ങളിലൂടെ സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ചാവികാസത്തിന് വഴിയൊരുക്കുന്നതോടൊപ്പം ഉത്തരവാദിത്തങ്ങളും ബാധ്യതകളും ഒപ്പം അവകാശങ്ങളും സംരക്ഷിക്കുന്ന സാഹചര്യത്തിലാണ് ക്രിയാത്മകവും കാര്യക്ഷവുമായ രീതിയില്‍ സമൂഹത്തിന് പ്രവര്‍ത്തിക്കാനാവുക എന്നുകൂടിയാണ്, അദ്ദേഹം പറഞ്ഞു.
ഇന്‍കാസ് പ്രസിഡണ്ട് കെ.കെ. ഉസ്മാന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മീഡിയ പഌസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര, ബ്രില്ല്യന്റ് എഡ്യൂക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫ്, സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ്, ഫാലഹ് നാസര്‍ ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ കെ.വി. അബ്ദുല്ലക്കുട്ടി, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ സംസാരിച്ചു. ബ്രില്ല്യന്റ് എഡ്യൂക്കേഷന്‍ സെന്ററിലെ അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു.
സമൂഹത്തിന്റെ വൈജ്ഞാനികവും ബുദ്ധിപരവുമായ വളര്‍ച്ചാ വികാസത്തിന് നേതൃത്വം നല്‍കുകയും ധാര്‍മിക സനാതന നൈതിക മൂല്യങ്ങളെ മുറുകെ പിടിക്കുന്ന പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നവരുമായ അധ്യാപക സമൂഹത്തിന്റെ സേവനങ്ങളെ അംഗീകരിക്കാനും സാമൂഹ്യ സാംസ്‌കാിരിക വിദ്യാഭ്യാസ മേഖലകളിലെ അമൂല്യ സംഭാവനകളെ വിലയിരുത്താനുമുള്ള സവിശേഷ ദിനമാണ് അധ്യാപക ദിനം. പ്രശസ്തനായ അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ആണ് അദ്ധ്യാപകദിനമായി ലോകത്തെമ്പാടുമുളള ഇന്ത്യന്‍ സമൂഹം ആചരിക്കുന്നത്. ഡോ. എസ്. രാധാകൃഷ്ണന്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുകയും ഭാരതീയ തത്വചിന്ത പാശ്ചാത്യര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച മഹാനായ അധ്യാപകനും തത്വചിന്തകനുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല