സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നുമായി ട്രംപ് ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത് അപകടം മനസിലാക്കാതെ; മുന്നറിയിപ്പുമായി ഹിലരി ക്ലിന്റണ്‍. ആണവ നിരായുധീകരണം സംബന്ധിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്താനുള്ള ട്രംപിന്റെ പുറപ്പാട് അപകടം മനസ്സിലാക്കാതെയാണെന്ന് ഡച്ച് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഹിലരി വ്യക്തമാക്കിയത്.
കിമ്മുമായി എപ്രകാരം ചര്‍ച്ച നടത്തണം എന്നു തീരുമാനമെടുക്കാന്‍ പോലും പരിചയസമ്പന്നരായ നയതന്ത്രജ്ഞര്‍ നിലവില്‍ ട്രംപിനൊപ്പമില്ല. ഉത്തരകൊറിയന്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ട്രംപിനു നിശ്ചയമായും വേണ്ടത് അതാണെന്നും ഹിലരി പറഞ്ഞു.
നല്ല നയതന്ത്രജ്ഞരില്ലാതെ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനാകില്ല. അതിനു സാധിക്കുമായിരുന്ന ഒട്ടേറെ പേര്‍ സ്ഥാനമൊഴിഞ്ഞു പോയി. ഉത്തരകൊറിയയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും ആളില്ലാത്ത വിധത്തില്‍ സര്‍ക്കാര്‍ ക്ഷയിച്ചെന്നും ഹിലറി കുറ്റപ്പെടുത്തി.
റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതു പോലെ എളുപ്പമാണ് കിമ്മുമായുള്ള കൂടിക്കാഴ്ചയെന്നു ട്രംപ് കരുതരുതെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ മുന്‍ യുഎസ് അംബാസഡര്‍ ബില്‍ റാച്ചാര്‍ഡ്‌സന്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല