വിവാഹത്തിനു മുമ്പ് ഗര്‍ഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണം കേരളത്തില്‍ കൂടുന്നതായി പഠനം. കൗമാരക്കാലത്തെ കൗതുകവും സാങ്കേതികവിദ്യയുടെ വികാസവും കൂട്ടുകാരുടെ സ്വാധീനവും കൗമാരക്കാരെ ലൈംഗിക പരീക്ഷണങ്ങളിലേക്ക് നയിക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു.
എന്നാല്‍ ലൈംഗികതെയെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്നോ അധ്യാപകരില്‍ നിന്നോ ലഭിക്കുന്നില്ല. ലൈംഗികതെയെ കുറിച്ചുള്ള തലതിരിഞ്ഞ അറിവുകളും അന്ധവിശ്വാസങ്ങളുമായി കളികളില്‍ ഏര്‍പ്പെടുന്ന കൗമാര ബന്ധങ്ങള്‍ പലപ്പോഴും അവസാനിക്കുന്നത് അനവസരത്തിലുള്ള ഗര്‍ഭധാരണത്തിലാണ്.
കൗമാരകാലത്തെ അപക്വമായ ലൈംഗിക ബന്ധം ലൈംഗിക രോഗങ്ങള്‍, എയിഡ്‌സ്, ഗര്‍ഭാശയ കാന്‍സര്‍, അണുബാധ, നീര്‍ക്കെട്ട്, മാനസിക പ്രശ്‌നങ്ങള്‍ എന്നിവക്കും കാരണമാകുന്നു.
പെണ്‍കുട്ടികളും മാതാപിതാക്കളും തമ്മില്‍ ആഴത്തിലുള്ള എന്തും പങ്കുവക്കാവുന്ന സൗഹൃദബന്ധം ഇല്ലാത്തതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. ഭീതി മൂലം ഗര്‍ഭിണികളായി ഏറെ വൈകിയാണ് പെണ്‍കുട്ടികള്‍ വിവരം മാതാപിതാക്കളെ അറിയിക്കുന്നത്.
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമ പ്രകാരം 20 ആഴ്ച വരെ മാത്രമെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദമുള്ളു. മിക്കവാറും കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ ഈ കാലാവധി കഴിഞ്ഞാണ് ആശുപത്രികളെ സമീപിക്കുന്നത്.
ഗര്‍ഭച്ഛിദ്രത്തിനായി പെണ്‍കുട്ടികള്‍ അധികവും ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. ഗര്‍ഭച്ഛിദ്രം വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് നടക്കുന്നതെങ്കില്‍ അണുബാധയുണ്ടായി പെണ്‍കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ അപകടത്തിലാവുകയും ചെയ്യും.
കൗമാര പ്രസവമാകട്ടെ ഇടുപ്പെല്ലിന്റേയും പ്രത്യുത്പാദന അവയവങ്ങളുടേയും വികാസമില്ലായ്മ കാരണം കൂടുതല്‍ സങ്കീര്‍ണമാണ്. ഉയര്‍ന്ന് രക്ത സമ്മര്‍ദം, തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍, പ്രസവ സമയത്തെ കുഞ്ഞിന്റെ മരണം എന്നിങ്ങനെ കൗമാര ഗര്‍ഭത്തിന്റെ അപകടങ്ങള്‍ പലതാണ്.
കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. ഷീലാ മണി നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ മാതൃഭൂമിയാണ് പുറത്തു വിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല