സ്വന്തം ലേഖകന്‍: ആഡംബരത്തിന് റയില്‍വേയുടെ അവസാന വാക്ക്, അതിശയിപ്പിക്കുന്ന സൗകര്യങ്ങളുമായി തേജസ് ഓട്ടം തുടങ്ങി. വിമാനത്തിന്റെ അകത്തെ അതിശയിപ്പിക്കുന്നതാണ് തേജസ് എക്‌സ്പ്രസ്സിലെ കാഴ്ചകളും സൗകര്യങ്ങളും. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് മുംബൈ സിഎസ്ടി സ്റ്റേഷനില്‍ നിന്ന് ആഢംബര തീവണ്ടിയായ തേജസ് എക്‌സ്പ്രസിന്റെ കന്നിയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തത്. തേജസിന്റെ വരവോടെ രാജ്യത്തെ തീവണ്ടിയാത്ര വേറിട്ട അനുഭവമാകുമെന്ന് മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ‘മെയ്ക് ഇന്‍ ഇന്ത്യ’യുടെ സംഭാവനയാണ് തേജസെന്നും ഇനിയും പുതിയ വികസനങ്ങള്‍ റെയില്‍വേയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. വണ്ടി ചൊവ്വാഴ്ച പുലര്‍ച്ചെ 12.35ന് ഗോവയിലെ കര്‍മാലിയിലെത്തും. ബുധനാഴ്ച മുതലാണ് സ്ഥിരം സര്‍വീസ് തുടങ്ങുക. ചൊവ്വ, ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ അഞ്ച് മണിക്ക് സി.എസ്.ടിയില്‍നിന്ന് പുറപ്പെടുന്ന വണ്ടി(നമ്പര്‍22119) ഉച്ചയ്ക്ക് 1.30ന് കര്‍മാലിയിലെത്തും. അവിടെനിന്ന് ഒരു മണിക്കൂറിന് ശേഷം തിരിക്കുന്ന വണ്ടി(22120) രാത്രി 11ന് സി.എസ്.ടിയില്‍ തിരിച്ചെത്തും.
മണ്‍സൂണ്‍ കാലത്ത് ഈ വണ്ടി മൂന്നു ദിവസമേ സര്‍വീസ് നടത്തുകയുള്ളൂ. തിങ്കള്‍ ബുധന്‍, ശനി ദിവസങ്ങളില്‍ കാലത്ത് അഞ്ച് മണിക്ക് സി.എസ്.ടിയില്‍നിന്ന് പുറപ്പെടുന്ന വണ്ടി കര്‍മാലിയില്‍ വൈകീട്ട് 3.30ന് എത്തും. ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ കാലത്ത് 7.30ന് കര്‍മാലിയില്‍ നിന്ന് തിരിക്കുന്ന വണ്ടി സി.എസ്.ടി.യില്‍ രാത്രി 7.45ന് എത്തും. ദാദര്‍, താനെ, പനവേല്‍, രത്‌നഗിരി, കുഡാള്‍ എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പ്.
സ്വയംഅടയുന്ന വാതിലുകള്‍, ഓരോ സീറ്റിനുമുന്നിലും ഒന്‍പത് ഇഞ്ച് എല്‍.സി.ഡി. ടച്ച് സ്‌ക്രീന്‍, സൗജന്യ വൈ ഫൈ സംവിധാനം, സുരക്ഷയ്ക്കായി സി.സി.ടി.വി. ക്യാമറ, തീയും പുകയും ഉണ്ടായാല്‍ കണ്ടുപിടിക്കാനുള്ള സംവിധാനം, കാല്‍ നീട്ടിയിരിക്കാന്‍ സീറ്റില്‍ പ്രത്യേക സംവിധാനം തുടങ്ങി ഒട്ടേറെ പ്രത്യേകതകളാണ് ഈ വണ്ടിയ്ക്ക്. 20 കോച്ചുകളുള്ള വണ്ടിയില്‍ ഒരു എക്‌സിക്യൂട്ടീവ് എ.സി. ചെയര്‍കാറും 12 എ.സി ചെയര്‍കാറുകളുമാണ് ഉള്ളത്. 992 പേര്‍ക്ക് സഞ്ചരിക്കാം.
മറ്റു ട്രെയിനുകളെ അപേക്ഷിച്ച് യാത്രാനിരക്ക് കൂടുമെങ്കിലും തേജസ് എക്‌സ്പ്രസിലെ സൗകര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അത് വളറെ ചെറിയ തുകയാണ്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ തേജസ് എക്‌സ്പ്രസിന് ഓടാന്‍ കഴിയും.ട്രാക്കിന്റെ പരിമിതികള്‍ കണക്കിലെടുത്ത് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലായിരിക്കും നിലവില്‍ സഞ്ചരിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല