സ്വന്തം ലേഖകന്‍: ആന്ധ്രാ പ്രദേശില്‍ നിന്ന് തെലുങ്കാന സംസ്ഥാനം രൂപീകരിച്ച് പത്തു മാസത്തിനുള്ളില്‍ അമേരിക്കയിലെ തെലുങ്കു സമൂഹവും രണ്ടായി. അമേരിക്കായിലേയും മറ്റ് വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലേയും തെലുങ്കാനക്കാര്‍ ചേര്‍ന്ന് തെലുഗു അസിയേഷന്‍ ഓഫ് തെലുങ്കാന രൂപീകരിച്ചു.
അമേരിക്കയിലെ ശക്തരായ കുടിയേറ്റ സമൂഹമാണ് പത്തു ലക്ഷത്തോളം വരുന്ന തെലുങ്കു സംസാരിക്കുന്ന ജനവിഭാഗം. ഇതില്‍ കാനഡയിലെ തെലുങ്ക് സംസാരിക്കുന്ന പ്രവാസികളും ഉള്‍പ്പെടും. സംസ്ഥാന വിഭജന ശേഷം ഇതില്‍ ഭൂരിപക്ഷവും ആന്ധ്രക്ക് അനുകൂലമായിരുന്നു. ഏതാണ്ട് 1.5 ലക്ഷം പേരാണ് തെലുങ്കാനയിലേക്ക് കൂറുമാറിയത്.
നിലവില്‍ 1977 ല്‍ ആരംഭിച്ച തെലുങ്കു അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയാണ് രാജ്യത്തെ ഏറ്റവും വലിയ തെലുങ്കരുടെ സംഘടന. ഇന്ത്യയില്‍ തെലുങ്കാനക്കു വേണ്ടിയുള്ള പ്രക്ഷോഭം ആരംഭിച്ചതോടെ സംഘടനയിലും പൊട്ടലും ചീറ്റലും ആരംഭിക്കുകയായിരുന്നു.
സംഘടനയുടെ ആദ്യകാലങ്ങളില്‍ അത് ജാതിയുടെ അടിസ്ഥാനത്തിലായിരുന്നെങ്കില്‍ പതിയെ അത് പ്രത്യേക സംസ്ഥാനത്തിനു വേണ്ടിയുള്ള പിടിവലിയായി മാറുകയായിരുന്നു. സംഘടയിലെ മൃഗീയ ഭൂരിപക്ഷമായ തീര ദേശ ആന്ധ്രയില്‍ നിന്നുള്ളവരാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് എന്നതും മറ്റുള്ളവരില്‍ അതൃപ്തിയുളവാക്കി.
തുടര്‍ന്ന് തെലുങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ പുതിയ സംഘടനാ രൂപീകരണത്തിനും കളമൊരുങ്ങുകയായിരുന്നു. ഏതാണ്ട് 10,000 അംഗങ്ങളെങ്കിലും സംഘടനയില്‍ ചേരാനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സ്ഥാപകരില്‍ ഒരാളായ അനുഗു ശ്രീനിവാസ റെഡ്ഡി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല