ആരാധന തോന്നിയാലുടനെ അമ്പലം പണിയുകയെന്ന ശീലം തമിഴ് സിനിമാപ്രേമികള്‍ നിര്‍ത്തിയിട്ടില്ലെന്നാണ് മധുരയില്‍നിന്നുള്ള വാര്‍ത്ത. കോളിവുഡിലെ പുതിയ തരംഗമായ ഹന്‍സിക മോട്‌വാണിക്കുവേണ്ടി അമ്പലം പണിയാനൊരുങ്ങുകയാണ് അവിടെയൊരുകൂട്ടം ആരാധകര്‍. അത് യാഥാര്‍ഥ്യമാവുകയാണെങ്കില്‍, ഖുശ്ബുവിനും നമിതയ്ക്കും ശേഷം അമ്പലമുണ്ടാകുന്ന താരമാകും ഹന്‍സിക. ഉത്തരേന്ത്യയില്‍നിന്നെത്തി തെന്നിന്ത്യന്‍ താരറാണിമാരായവരാണ് മൂവരുമെന്ന പ്രത്യേകതകൂടി ഇവര്‍ക്കു പൊതുവായുണ്ട്.
തമിഴില്‍ രണ്ടേരണ്ടുസിനിമകളേ തിയേറ്ററിലെത്തിയിട്ടുള്ളൂവെങ്കിലും ഹന്‍സികയ്ക്ക് ആരാധകര്‍ ഏറെയാണ്. ധനുഷ് നായകനായ ‘മാപ്പിളൈ’ , പ്രഭുദേവ സംവിധാനം ചെയ്ത ‘എങ്കേയും കാതല്‍’ എന്നീ ചിത്രങ്ങളുടെ വിജയഘടകങ്ങളില്‍ ഈ സിന്ധിസുന്ദരിയുടെ സാന്നിധ്യം പ്രധാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഖുശ്ബുവിന്റെ ചെറുപ്പകാലത്തെ ഓര്‍മിപ്പിക്കുന്നുവെന്നതിനാലാണ് ഈ താരത്തിന് തമിഴ്‌നാട്ടില്‍ വലിയ സ്വീകാര്യത ലഭിക്കുന്നതെന്നു വിശദീകരിക്കുന്നവരുണ്ട്.
ചെറുപ്രായത്തില്‍ത്തന്നെ ടെലിവിഷന്‍ പരമ്പരകളിലൂടെ കാണികളെ കൈയിലെടുത്ത ഹന്‍സിക ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷാസിനിമകളില്‍ ഒരു കൈ നോക്കിയശേഷമാണ് തമിഴിലെത്തിയത്. ആദ്യചിത്രം പുറത്തിറങ്ങും മുമ്പുതന്നെ മറ്റു മൂന്നു സിനിമകളിലേക്കുകൂടി നായികയാവാന്‍ ക്ഷണം ലഭിച്ചതോടെയാണ് ഹന്‍സിക ശ്രദ്ധ പിടിച്ചുപറ്റിയത്. ‘മാപ്പിളൈ’യും ‘എങ്കേയും കാതലും’ പുറത്തിറങ്ങിയതോടെ ആ സൗന്ദര്യം കാണികള്‍ക്കും ഹരമായി. അതാണിപ്പോള്‍ അമ്പലമുണ്ടാക്കുന്നതിലേക്കുവരെയെത്തിയിരിക്കുന്നത്.
വിജയ് നായകനായ ‘വേലായുധ’ മാണ് തമിഴില്‍ ഹന്‍സികയുടെ പുതിയ ചിത്രം. ഉദയനിധി സ്റ്റാലിന്‍ മുഖ്യവേഷത്തിലെത്തുന്ന ‘ഒരു കാല്‍ ഒരു കണ്ണാടി’യും വൈകാതെ തിയേറ്ററിലെത്തും. തമിഴില്‍ മാത്രമല്ല, തെലുങ്കിലും ഹന്‍സിക തിരക്കിലാണ്. റാമിനൊപ്പം ‘കണ്ഠിരീഗ’, സിദ്ധാര്‍ഥിന്റെ നായികയായി ‘ഓ മൈ ഫ്രന്‍ഡ്’ എന്നീ ചിത്രങ്ങളാണ് അവിടെയൊരുങ്ങുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല