സ്വന്തം ലേഖകന്‍: ലോക ടെന്നിസിലും വാതുവപ്പ് വിവാദം, വിമ്പിള്‍ഡണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ടൂര്‍ണമെന്റുകളില്‍ വാതുവപ്പ് നടന്നതായി ബിബിസി റിപ്പോര്‍ട്ട്. ലോകത്തെ പ്രമുഖ ടെന്നിസ് ടൂര്‍ണമെന്റുകളില്‍ വാതുവപ്പ് നടന്നതുള്‍പ്പെടെ കായിക ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്.
കോടിക്കണക്കിന് പൗണ്ടിന്റെ വാതുവപ്പാണ് പ്രധാന ടൂര്‍ണമെന്റുകളില്‍ നടക്കുന്നത് അതില്‍ ഉന്നത താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ടെന്നിസ് അസോസിയേഷന്റെ വാതുവപ്പ് സംബന്ധിച്ച 2007ലെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ടെന്നിസിലെ അഴിമതികള്‍ അന്വേഷിക്കുന്ന എടിപി (അസോസിയേഷന്‍ ഒഫ് ടെന്നിസ് പ്രൊഫഷണല്‍സ്) ഏജന്‍സിയായ ടെന്നിസ് ഇന്റഗ്രിറ്റി യൂണിറ്റിന്റെ റിപ്പോര്‍ട്ടിലാണ് വാതുവപ്പ് നടന്നു എന്ന് പറയുന്നത്. റിപ്പോര്‍ട്ടില്‍ 28 താരങ്ങളുടെ പേരുകള്‍ പറയുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എടിപി തയ്യാറായില്ല. എന്ന് മാത്രമല്ല ഇവരെ കളിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.
2008ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നാല്‍ 2009ല്‍ ടെന്നിസില്‍ പുതിയ അഴിമതി വിരുദ്ധ നയം നടപ്പിലാക്കി. ഇതനുസരിച്ച് പഴയ വാതുവപ്പിലൊന്നും അന്വേഷണം നടത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
50 റാങ്കിന് അകത്തുള്ള പതിനാറ് താരങ്ങള്‍ വാതുവപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതായാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്പോള്‍ നടക്കുന്ന ടൂര്‍ണമെന്റുകളില്‍ കളിക്കുന്ന 8 പേരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല