2001 സപ്തംബര്‍ 11ന്റെ ഭീകരാക്രമണത്തിനുശേഷം ഭീകരവാദവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ 3000 പേര്‍ അറസ്റ്റിലായി. 2500 പേര്‍ക്ക് വിചാരണ നടത്തി ശിക്ഷ വിധിച്ചു. ആര്‍ക്കും വധശിക്ഷ നല്‍കിയില്ല. എന്നാല്‍ തീവ്രവാദികളെന്നു മുദ്രകുത്തി വിചാരണയൊന്നും കൂടാതെത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെപ്പേരെ ഈ കാലയളവില്‍ അമേരിക്കന്‍ സൈന്യം വധിച്ചു. നിയമവും നീതിയും നോക്കാതെ ശത്രുവിനെ വകവരുത്തുന്ന യു.എസ്. നീതിനിര്‍വഹണരീതി ഇപ്പോഴത്തെ പ്രസിഡന്റ് ബരാക് ഒബാമയും നടപ്പാക്കി.
സപ്തംബര്‍ 11 ആക്രമണത്തിന്റെ ആസൂത്രകരായ അല്‍ ഖ്വെയ്ദയെ പരാജയപ്പെടുത്താനും തുടച്ചുനീക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി സംഘടനാ തലവന്‍ ഉസാമ ബിന്‍ ലാദനെ വധിച്ചു. പാക് അധിനിവേശ കശ്മീരിലെ അല്‍ ഖ്വെയ്ദയുടെ നേതാവായിരുന്ന, മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന ഇല്യാസ് കശ്മീരി, അല്‍ ഖ്വെയ്ദയുടെ പുതിയ ഉപനേതാവായി നിയമിതനായ അതിയ അബ്ദല്‍ റഹ്മാന്‍ എന്നിവരെയും ആക്രമണങ്ങളിലൂടെ വധിച്ചതായാണ് കരുതുന്നത്. കനത്ത ഭീകരക്കുറ്റം ചുമത്തിയിരുന്ന എട്ട് പേരെയാണ് ഇക്കാലയളവില്‍ യു.എസ്. വധിച്ചത്.
സപ്തംബര്‍ 11 ആക്രമണത്തിനുശേഷം ഭീകരതയുമായി ബന്ധപ്പെട്ട് 345 കേസുകളാണ് യു.എസ്. കോടതികളിലുള്ളത്. ഇതില്‍ 178 എണ്ണത്തില്‍ കുറ്റംചുമത്തി. അമ്പതിലേറെ പ്രതികള്‍ വിദേശത്താണ്. ഇതുകൂടാതെ, 2002-ല്‍ സ്ഥാപിച്ച ഗ്വാണ്ടനാമോ തടവറയില്‍ 775 പേരെ തടവിലിട്ടു. ഇവരില്‍ ഭൂരിഭാഗത്തിനെയും പിന്നീട് വെറുതെവിട്ടു. മൂന്നുപേരെ മാത്രമാണ് പട്ടാളക്കോടതി കുറ്റക്കാരായി വിധിച്ചത്.
ഭീകരയ്‌ക്കെതിരായ പോരാട്ടം അമേരിക്ക തുടരുമ്പോള്‍ അതിന്റെ തിക്തഫലങ്ങള്‍ ഏറ്റവും അനുഭവിച്ചത് പോരാട്ടത്തില്‍ പങ്കാളിയായ പാകിസ്താനാണ്. 290 ചാവേറാക്രമണങ്ങളാണ് പാകിസ്താന്റെ മണ്ണില്‍ ചോരപുരട്ടിയത്. അവയില്‍ 4,700 ജീവനുകള്‍ പൊലിഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയും അവരില്‍ ഒരാളായി.
2002-ല്‍ കറാച്ചിയിലെ ഷെറാട്ടന്‍ ഹോട്ടലിലായിരുന്നു ആദ്യ വമ്പന്‍ ആക്രമണം. 11 ഫ്രഞ്ച് എന്‍ജിനീയര്‍മാര്‍ അവിടെ മരിച്ചു. പിന്നെ 2003-ല്‍ ക്വെറ്റയില്‍ അന്നത്തെ പ്രസിഡന്റ് പര്‍വെസ് മുഷറഫിന് നേരേ വധശ്രമം. 2004-ല്‍ ഏഴും 2005-ല്‍ നാലും 2006-ല്‍ ഏഴും ചാവേറാക്രമണങ്ങളാണ് അവിടെ നടന്നത്. 2007-ല്‍ ഇത് കുതിച്ചുയര്‍ന്നു. 54 ആക്രമണങ്ങളില്‍ പൊലിഞ്ഞത് ബേനസീറിന്‍േറതുള്‍പ്പെടെ 765 പേരുടെ ജീവന്‍. 2008-ല്‍ 59-തും തൊട്ടടുത്ത വര്‍ഷം 76-ഉം പിറ്റേ വര്‍ഷം 49-ഉം ചാവേറാക്രമണങ്ങള്‍ക്ക് പാകിസ്താന്‍ സാക്ഷിയായി. ഈ വര്‍ഷം സപ്തംബര്‍ വരെ നടന്ന 32 ആക്രമണങ്ങളില്‍ 500 പേര്‍ മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല