ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സ്വീകരിച്ചുപോരുന്ന കാലഹരണപ്പെട്ട തന്ത്രങ്ങളും രീതികളുമാണ് രാജ്യത്ത് തീവ്രവാദ ഭീഷണി വര്‍ദ്ധിക്കാന്‍ കാരണമെന്ന് മുന്‍ ഷാഡോ ഹോം സെക്രട്ടറി ഡേവിഡ് ഡേവിസ്. തീവ്രവാദ ആക്രമണങ്ങളെ പ്രതിരോധിക്കാനും അവ നടപ്പാക്കാതിരിക്കാനുമാണ് ഏജന്‍സികള്‍ ശ്രദ്ധിക്കുന്നത്, അതിന് പിന്നിലുള്ള ശക്തികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഏജന്‍സികള്‍ക്ക് സാധിക്കുന്നില്ലെന്നും ഡേവിസ് പറഞ്ഞു.
ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലായിരുന്ന മുഹമ്മദ് എംവാസി രാജ്യാതിര്‍ത്തി കടന്ന് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടും രഹസ്യാന്വേഷ വിഭാഗത്തിന് വിവരം ലഭിക്കാന്‍ വൈകി. ഇത് ഏജന്‍സിയുടെ പ്രവര്‍ത്തനരീതിക്കെതിരെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്താന്‍ ഇടയാക്കി. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശൈലികളെ മുന്‍ ഷാഡോ ഹോം സെക്രട്ടറി വിമര്‍ശിച്ചിരിക്കുന്നത്.
നിരവധി ആളുകള്‍ നിരീക്ഷണത്തിന്റെ വലപൊട്ടിച്ച് കടന്നു കളയുന്നു. ഇനി ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനരീതികളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ എത്രയാളുകള്‍ മരിക്കണമെന്ന് ഡേവിഡ് ഡേവിസ് ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ചോദിക്കുന്നു. എംവാസിമാര്‍ ഇനിയും സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ബ്രിട്ടന്റെ എല്ലാ സന്നാഹങ്ങളും ഉപയോഗപ്പെടുത്തുമെന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പ്രസ്താവനയോട് കൂട്ടിവേണം ഡേവിഡിന്റെ ഈ ചോദ്യത്തെ കാണാന്‍.
ജിഹാദി ജോണ്‍ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ലണ്ടന്‍കാരനാണെന്നും ബ്രിട്ടീഷ് പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പിടിപ്പുകേടുകൊണ്ടാണ് ഇയാള്‍ നിരീക്ഷണ വലയത്തില്‍നിന്ന് രക്ഷപ്പെട്ടതെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നശേഷം നടത്തിയ ആദ്യ പരസ്യ പ്രതികരണത്തിലാണ് ഡേവിഡ് കാമറൂണ്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ശക്തികളെ ഉന്മൂലനം ചെയ്യുമെന്ന പ്രസ്താവനകള്‍ നടത്തിയത്. ജിഹാദി ജോണ്‍ വാര്‍ത്തകള്‍ ഉള്‍പ്പെടെ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല