സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ തലച്ചോറായിരുന്ന കൊടുംഭീകരന്‍ അബു ദുജാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡറായ അബു ദുജാനയും കൂട്ടാളി ആരിഫ് ഭട്ടും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. പുല്‍വാമയിലെ ഹാക്രിപോറയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇവര്‍ ഒളിച്ചിരുന്ന വസതി വളഞ്ഞ സുരക്ഷാസേന ഏറെനേരം നീണ്ട ഏറ്റുമുട്ടലിലാണ് അബു ദുജാനയെയും ആരിഫ് ഭട്ടിനെയും വധിച്ചത്.
പാകിസ്താന്‍ സ്വദേശിയായ ദുജാനയാണ് കശ്മീരിലെ ലശ്കര്‍ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നത്. ദുജനയുടെ തലക്ക് സര്‍ക്കാര്‍ 30ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ദുജനയുടെ ഏറ്റവും അടുത്തയാളായ അബു ഇസ്മഈലാണ് അമര്‍നാഥ് യാത്രികര്‍ക്കെതിരെ ആക്രമണം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഈയടുത്ത കാലത്ത് ഒരു കശ്മീരി പെണ്‍കുട്ടിയെ ദുജാന വിവാഹം ചെയ്തിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. വീടിനുള്ളില്‍ തീവ്രവാദികള്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വീടു വളയുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും ശക്തമായ വെടിവെപ്പ് നടത്തി. വീടിനു പുറത്തെത്തിയ ദുജന സുരക്ഷാ സേനയുടെ വെടിവെപ്പില്‍ കൊല്ലപ്പെടുകയായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ നൂറോളം വരുന്ന ജനക്കൂട്ടം കല്ലെറിഞ്ഞുവെങ്കിലും ദൗത്യംപൂര്‍ത്തിയാക്കിയാണ് സുരക്ഷാസേന പിന്‍വാങ്ങിയത്. ഇവരെ പിരിച്ചുവിടാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഹാക്രിപോറയിലുള്ള ഭാര്യയുടെ വീട്ടില്‍ ഇയാള്‍ എത്താറുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ നീക്കമാണ് ഭീകരനെ കുടുക്കിയതില്‍ നിര്‍ണായകമായതെന്ന് സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല