പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ വധഭീഷണി നേരിടുന്ന സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് പങ്കെടുത്ത യോഗത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ ഹേഗനില്‍ സംഘടിപ്പിച്ച അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സെമിനാറിന് നേരെയാണ് ആക്രമണമുണ്ടായത്. യോഗം നടന്ന ഹാളിന് നേരെ അക്രമികള്‍ 40 തവണ വെടിയുതിര്‍ത്തു. ഫ്രഞ്ച് മാഗസിനായ ഷാര്‍ലി എബ്ദോയ്ക്ക് നേരെ ആക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ ആക്രമണം.
പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ച സ്വീഡിഷ് വിവാദ കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്‌സ് പങ്കെടുത്ത യോഗത്തിന് നേരെയാണ് ആക്രമണം. തോക്കുധാരികളായ രണ്ടു പേരാണ് ഹാളിനു നേരെ പുറത്തുനിന്ന് വെടിയുതിര്‍ത്തത്. സംഭവ സമയം ഡെന്‍മാര്‍ക്കിലെ ഫ്രഞ്ച് അംബാസഡര്‍ ഫ്രാന്‍സോ സിമേറയ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു. താന്‍ സുരക്ഷിതനാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. കാര്‍ട്ടൂണിസ്റ്റും സുരക്ഷിതനാണ്. വെടിവെപ്പിന് ശേഷം അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള ഗതാഗതം പൊലീസ് തടഞ്ഞു. അക്രമികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
ലാര്‍സ് വില്‍ക്‌സ് 2007ലാണ് പ്രവാചകന്റെ വിവാദ കാര്‍ട്ടൂണ്‍ വരച്ചത്. നേരത്തെ ഇദ്ദേഹത്തിന് നേരെ വധശ്രമമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ 2010 മതുല്‍ വന്‍ സുരക്ഷ തന്നെ സ്വീഡന്‍ ഏര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസം പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ വിവാദമായ ഫ്രാഞ്ച് ആക്ഷേപ ഹാസ്യ മാഗസിനായ ഷാര്‍ലി എബ്ദോയുടെ ഓഫീസിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 10 മാധ്യമപ്രവര്‍ത്തകരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല