സ്വന്തം ലേഖകന്‍: ഭീകരര്‍ സൗദിയെ വട്ടമിടുന്നു, രാജ്യമെങ്ങും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. രാജ്യത്തെ സുപ്രധാന സ്ഥലങ്ങളില്‍ ഭീകരര്‍ ചാവേര്‍സ്ഫോടനം നടത്തിയ സാഹചര്യത്തിലാണ് സൗദിയിലെങ്ങും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി പള്ളികള്‍ക്കും മറ്റു പ്രധാന കേന്ദ്രങ്ങള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു.
തിങ്കളാഴ്ച ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ലക്ഷ്യമിട്ട് നടന്ന ചാവേര്‍ ആക്രമണം സുരക്ഷാസേന പരാജയപ്പെടുത്തിയിരുന്നു. കൂടാതെ മദീനയിലും ഖത്തീഫിലും ചാവേറുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. മദീന സ്ഫോടനത്തില്‍ നാല് സുരക്ഷാ സൈനികര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരു സ്ഥലങ്ങളുലും പള്ളികള്‍ ഉന്നം വച്ചായിരുന്നു ആക്രമണങ്ങള്‍.
ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനുസമീപം തിങ്കളാഴ്ച പുലര്‍ച്ചെയാണ് ചാവേര്‍ ബോംബ് സ്ഫോടനമുണ്ടായത്. കോണ്‍സുലേറ്റിനു സമീപത്തെ ആശുപത്രി പാര്‍ക്കിങ് സ്ഥലത്ത് ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു.
ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്തിന്റെ മൂന്ന് സുപ്രധാന കേന്ദ്രങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തിയത് ഭീകരരുടെ ആസൂത്രണ മികവാണ് കാണിക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം. സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്നാണ് സൂചന. അതേസമയം, ജിദ്ദ കോണ്‍സുലേറ്റ് പരിസരത്തെ സ്ഫോടനത്തിനുപിന്നില്‍ പാകിസ്ഥാന് സ്വദേശിയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല