ലണ്ടന്‍ : വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അനധികൃതമായി ജോലി നല്‍കിയതിനെ തുടര്‍ന്ന് ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റിന് പിഴശിക്ഷ നല്‍കാന്‍ നീക്കം.ജൂലൈ 21 ന് ടെസ്‌കോയുടെ വിവിധ ശാഖകളില്‍ യുകെ ബോര്‍ഡര്‍ ഏജന്‍സി നടത്തിയ റെയ്ഡിനെ തുടര്‍ന്ന് വിസ നിയമങ്ങള്‍ ലംഘിച്ച 20 തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരില്‍ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവരാണ്. സ്റ്റുഡന്റ് വിസ നിയമം അനുസരിച്ച് ഒരാള്‍ക്ക് ജോലി ചെയ്യാവുന്ന പരമാവധി സമയം മൂന്നര മണിക്കൂറാണ്. എന്നാല്‍ അറസ്റ്റിലായവര്‍ ഇതില്‍ കൂടുതല്‍ സമയം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിലായ ഏഴ് ടെസ്‌കോ ജീവനക്കാരെ ഇതിനകം നാട് കടത്തിക്കഴിഞ്ഞു. ഇവരുടെ പേര് വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ല. ബാക്കിയുളളവര്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. അറസ്റ്റിലായവരെല്ലാം പതിനെട്ട് വയസ്സിന് മുകളിലുളളവരാണ്. സ്റ്റുഡന്റ് വിസയിലെത്തിയ ഇവര്‍ക്ക് ഒരാഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാനാണ് വിസ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ അറസ്റ്റിലായ പലരും ഇതു കൂടാതെ ആഴ്ചയില്‍ അന്‍പത് മണിക്കൂറോളം അധികം ജോലി ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റ് ചെയ്ത ഓരോ ജോലിക്കാര്‍ക്കും 10,000 പൗണ്ട് വീതം ടെസ്‌കോ പിഴയായി അടയ്‌ക്കേണ്ടിവരും. അതായത് മൊത്തം 200,000 പൗണ്ട്. സൗത്ത് ലണ്ടനിലെ ക്രോയ്‌ഡോണിലെ ഫാക്ടറി ലെയ്‌നില്‍ പ്രവര്‍ത്തിക്കുന്ന ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബോര്‍ഡര്‍ ഏജന്‍സിക്ക് ലഭിച്ച അജ്ഞാത സന്ദേശത്തെ തുടര്‍ന്നാണ് ഇവിടെ റെയ്ഡ് നടത്താന്‍ തീരുമാനിച്ചത്. വിസ നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാനുളള ക്യാമ്പെയ്‌ന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്നും അറസ്റ്റിലായവര്‍ക്കെതിരേ ഉടന്‍ നടപടിയുണ്ടാകുമെന്നും ബോര്‍ഡര്‍ ഏജന്‍സിയുടെ വക്താവ് അറിയിച്ചു. ക്യാമ്പെയ്‌ന്റെ ഭാഗമായി മെയ് മുതല്‍ വിസ നിയമം ലംഘിച്ച 2000 പേരെ നാട് കടത്തിയിട്ടുണ്ടെന്നും യുകെ ബോര്‍ഡര്‍ ഏജന്‍സി അധികൃതര്‍ അറിയിച്ചു.
ടെസ്‌കോയ്ക്ക് ചുമത്തിയ പിഴ ഒഴിവാക്കണമെങ്കില്‍ നിയമപ്രകാരമാണ് ഇവരെ ജോലിക്ക് എടുത്തിരിക്കുന്നതെന്നതിനുളള വ്യക്തമായ തെളിവുകള്‍ ഹാജരാക്കണം. രാജ്യത്താകമാനമുളള 2500 ടെസ്‌കോ സ്‌റ്റോറുകളിലായി 300.000 ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ജീവനക്കാരെ വിസ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്്റ്റ് ചെയ്തതായുളള വാര്‍ത്തകള്‍ ടെസ്‌കോ സ്ഥിരീകരിച്ചു. യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും ഏതെങ്കിലും തരത്തിലുളള അനധികൃത ജോലി സമ്പാദനം തങ്ങള്‍ വെച്ച് പൊറുപ്പിക്കില്ലെന്നും ടെസ്‌കോ അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല