1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2023

സ്വന്തം ലേഖകൻ: പ്രഖ്യാപനം കഴിഞ്ഞ് നാല് വര്‍ഷം പിന്നിട്ടതോടെയാണ് ലോകത്തിലെ തന്നെ ഇലക്ട്രിക് വാഹനങ്ങളിലെ അതികായരായ ടെസ്‌ലയുടെ സൈബര്‍ട്രക്ക് പുറംലോകം കാണുന്നത്. കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ ഒന്നാം തിയതിയാണ് സൈബര്‍ട്രക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പ് പുറത്തിറങ്ങിയത്. ഉരുക്കിന്റെ കരുത്ത്, ചീറ്റപ്പുലിയുടെ വേഗത, കംപ്യൂട്ടറിനെ വെല്ലുന്ന ഫീച്ചറുകള്‍ തുടങ്ങി വലിയ പ്രഖ്യാപനങ്ങളായിരുന്നു കണ്‍സെപ്റ്റ് മോഡല്‍ എത്തിയപ്പോള്‍ മുതല്‍ പ്രഖ്യാപിച്ചിരുന്നത്. പ്രൊഡക്ഷന്‍ മോഡലിലേക്ക് എത്തിയപ്പോഴും ഇതില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെന്നാണ് വിലയിരുത്തലുകള്‍.

ഫ്യൂച്ചറിസ്റ്റിക് എന്ന് അക്ഷരം തെറ്റാതെ വിശേഷിപ്പിക്കാവുന്ന ഡിസൈനിലാണ് ടെസ്‌ലയുടെ സൈബര്‍ട്രക്ക് ഒരുങ്ങിയിരിക്കുന്നത്. വിന്‍ഡ് ഷീല്‍ഡില്‍ നിന്ന് ചെരിഞ്ഞിറങ്ങുന്ന മുന്‍വശം ബോക്‌സി ഡിസൈനിലാണ് അവസാനിക്കുന്നത്. ഹെഡ്‌ലൈറ്റിന് പകരം മുന്‍ഭാഗത്ത് മുഴുവനായി പരന്നുകിടക്കുന്ന എല്‍.ഇ.ഡി. ലൈറ്റ് സ്ട്രിപ്പാണ് നല്‍കിയിട്ടുള്ളത്. ത്രികോണാകൃതിയിലാണ് സൈബര്‍ട്രക്കിന്റെ റൂഫ് ഒരുങ്ങിയിരിക്കുന്നത്. മുന്നിലേക്ക് ചരിഞ്ഞ് ഇറങ്ങിയത് പോലെ തന്നെ പിന്നിലേക്ക് റൂഫിന്റെ ഷേപ്പ് അതുപൊലെയാണ്. ടയറുകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ വാഹനത്തിന്റെ മസ്‌കുലര്‍ ലുക്ക് നല്‍കുന്നു.

ടെസ്‌ലയുടെ മേല്‍വിലാസവും വാഹനത്തിന്റെ വിലയും കണക്കിലെടുത്ത് ആഡംബരപൂര്‍ണമായ ഒരു അകത്തളം പ്രതീക്ഷിക്കുന്നവരെ നിരാശപ്പെടുത്തുന്ന ഇന്റീരിയറാണ് സൈബര്‍ട്രക്കിലുള്ളത്. ഒരു തട്ടുപോലെ തോന്നിക്കുന്ന ഡാഷ്‌ബോര്‍ഡാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഇവിടെ ആകെ നല്‍കിയിട്ടുള്ളത് ഒരു ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ്. എന്നാല്‍, ഈ സ്‌ക്രീന്‍ അല്‍പ്പം വലുപ്പമുള്ള ഒന്നാണ്. 18.5 ഇഞ്ച് വലിപ്പമുണ്ട് ഇതിന്. വെര്‍ട്ടിക്കിളായാണ് ഈ സ്‌ക്രീന്‍ പ്ലെയിസ് ചെയ്തിട്ടുള്ളതെന്നതാണ് മറ്റൊരു സവിശേഷത.

സീറ്റുകളിലേക്ക് വന്നാല്‍ ലെതര്‍ ആവരണം നല്‍കിയാണ് ഇവ ഒരുക്കിയിരിക്കുന്നത്. മുന്‍നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ നല്‍കിയിരിക്കുന്നത് പോലെ പിന്‍നിരയിലും രണ്ട് സീറ്റുകള്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് സമാനമായാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന സീറ്റിങ്ങ് ലേഔട്ടാണ് രണ്ടാം നിരയില്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് സീറ്റുകള്‍ താരതമ്യേന വലിപ്പമുള്ളതാണെങ്കിലും ഒരു സീറ്റ് വലിപ്പം കുറഞ്ഞതാണ്. പിന്‍നിര യാത്രക്കാര്‍ക്കായും ഒരു എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനും ഈ വാഹനത്തിനുള്ളില്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

റിയര്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ്, സൈബര്‍ബീസ്റ്റ് എന്നീ മൂന്ന് വേരിയന്റുകളിലാണ് സൈബര്‍ ട്രക്ക് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. അടിസ്ഥാന മോഡലായ റിയര്‍ വീല്‍ ഡ്രൈവ് മോഡലിന് ഇന്ത്യന്‍ രൂപ 50.75 ലക്ഷം രൂപയും (60,990 ഡോളര്‍) ഓള്‍ വീല്‍ ഡ്രൈവിന് 66.56 ലക്ഷവും (79,990 ഡോളര്‍) ഉയര്‍ന്ന വേരിയന്റായ സൈബര്‍ബീസ്റ്റിന് 83.21 (99.990 ഡോളര്‍) ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഇതില്‍ ഓള്‍ വീല്‍ ഡ്രൈവ്, സൈബര്‍ ബീസ്റ്റ് മോഡലുകള്‍ 2024 മുതല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുമെങ്കിലും റിയര്‍ വീല്‍ ഡ്രൈവ് മോഡലിന് 2025 വരെ കാത്തിരിക്കണം.

രണ്ട് ഇലക്ട്രിക് മോട്ടോറാണ് സൈബര്‍ ട്രക്കിന്റെ ഓള്‍ വീല്‍ ഡ്രൈവ് മോഡലില്‍ പ്രവര്‍ത്തിക്കുന്നത്. 600 ബി.എച്ച്.പി. പവറാണ് ഈ മോട്ടോറുകള്‍ ഉത്പാദിപ്പിക്കുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 563 കിലോമീറ്ററാണ് റേഞ്ച് നല്‍കുന്നത്. ഉയര്‍ന്ന വകഭേദമായ സൈബര്‍ബീസ്റ്റ് 845 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. 515 കിലോമീറ്ററാണ് ഈ പതിപ്പിന്റെ റേഞ്ച്. ഈ മോഡല്‍ കേവലം 2.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 98 കിലോമീറ്റര്‍ വേഗത്തിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്.

അതേസമയം, സൈബര്‍ട്രക്കിന്റെ അടിസ്ഥാന മോഡലായ റിയര്‍വീല്‍ ഡ്രൈവ് മോഡലില്‍ സിംഗിള്‍ ഇലക്ട്രിക് മോട്ടോറായിരിക്കും കരുത്തേകുകയെന്നാണ് റിപ്പോര്‍ട്ട്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 402 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തിന് നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. കേവലം 6.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 95 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള കരുത്തായിരിക്കും ഈ വാഹനത്തിന്റെ കൈമുതല്‍. എന്നാല്‍, ഈ മോഡല്‍ പ്രാഥമിക ഘട്ടത്തില്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് നിര്‍മാതാക്കള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ടെസ്‌ല വാഹനനിരയില്‍ വലിപ്പമുള്ള മോഡലായാണ് സൈബര്‍ട്രക്ക് എത്തിയിരിക്കുന്നത്. 5680 എം.എം. ആണ് ഈ വാഹനത്തിന്റെ നീളം. 2400 എം.എം. വീതി, 1790 എം.എം. ഉയരം എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അളവ്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഈ വാഹനത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്. 443 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സാണ് സൈബര്‍ട്രക്കില്‍ ഒരുങ്ങിയിരിക്കുന്നത്. 3.1 ടണ്‍ ഭാരമുള്ള ഈ വാഹനത്തിന്റെ ഭാരവാഹക ശേഷി അഞ്ച് ടണ്‍ ആണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. വെടിയുണ്ടയെ പോലും പ്രതിരോധിക്കുന്ന കരുത്തും ഈ വാഹനത്തില്‍ അവകാശപ്പെടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.