1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2024

സ്വന്തം ലേഖകൻ: അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഒരോ ദിവസവും പുറത്തുവരുന്നത്. കേന്ദ്ര സര്‍ക്കാരും ടെസ്‌ല മേധാവികളും തമ്മില്‍ ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തുന്നത് സംബന്ധിച്ച് പലതവണ ചര്‍ച്ചകളും നടത്തിയിരുന്നു. ഏറ്റവുമൊടുവില്‍ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം സംബന്ധിച്ച് പുതിയ ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2024-ല്‍ തന്നെ ടെസ്‌ലയുടെ പ്രവര്‍ത്തനം ഇവിടെ ആരംഭിക്കുമെന്നാണ് സൂചന.

ആദ്യഘട്ടത്തില്‍ വാഹനം ഇറക്കുമതി ചെയ്തായിരിക്കും ഇന്ത്യയില്‍ എത്തുകയെങ്കിലും ഗുറാത്തിലായിരിക്കും ടെസ്‌ലയുടെ പ്ലാന്റ് നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമിറ്റ് 2024-ല്‍ ടെസ്‌ലയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിക്കുന്നതും പ്ലാന്റ് സ്ഥാപിക്കുന്നതും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. ടെസ്‌ലയുടെ സി.ഇ.ഒ. ഇലോണ്‍ മസ്‌ക് വൈബ്രിന്റ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുത്തായിരിക്കും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ടെസ്‌ലയുടെ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഗുജറാത്തിനെ തിരഞ്ഞെടുക്കുന്ന എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും, ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ടെസ്‌ലയുടെ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നുമാണ് ഗുജറാത്ത് മന്ത്രി ഋഷികേശ് പട്ടേല്‍ അഭിപ്രായപ്പെട്ടത്. തുറമുഖമുള്ളത് കൂടി കണക്കിലെടുത്താണ് ടെസ്‌ലയുടെ വാഹന നിര്‍മാണശാല ഗുജറാത്തില്‍ ഒരുക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തലുകള്‍.

തുറമുഖങ്ങളുടെ സാന്നിധ്യം കണക്കിലെടുത്ത് ഗുജറാത്തിന് പുറമെ, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും ടെസ്‌ല പരിഗണിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ വാഹനങ്ങള്‍ അസംബിള്‍ ചെയ്യാനുള്ള പദ്ധതികളുമായാണ് ടെസ്‌ലയുടെ വരവ്. ഉയര്‍ന്ന ഇറക്കുമതി തീരുവയെ തുടര്‍ന്ന് വാഹനം പൂര്‍ണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന പദ്ധതി ടെസ്‌ല ഉപേക്ഷിച്ചെന്നാണ് സൂചന. ഇറക്കുമതി തീരുവയില്‍ ഇളവ് വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ വാഹനം തള്ളിയിരുന്നു.

ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇറക്കുമതി തീരുവയില്‍ 15 ശതമാനം ഇളവ് നല്‍കിയാല്‍ ഇവിടെ രണ്ട് ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ ഒരുക്കമാണെന്നാണ് ടെസ്‌ല മുമ്പ് അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് രണ്ട് വര്‍ഷത്തിനുള്ളില്‍ 20 ശതമാനം വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്നും നാല് വര്‍ഷത്തിനുള്ളില്‍ 40 ശതമാനമായി ഇത് ഉയര്‍ത്താനുമായിരുന്നു ടെസ്‌ലയുടെ പദ്ധതികളെന്നാണ് സൂചനകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.