സ്വന്തം ലേഖകൻ: ഇന്ത്യയില്‍ വാഹന നിര്‍മാണശാല തുറക്കുന്നതിനുള്ള ടെസ്‌ലയുടെ നീക്കങ്ങള്‍ പുരോഗമിക്കുന്നതിന് പിന്നാലെ സുപ്രധാന പ്രഖ്യാപനവുമായി ടെസ്‌ലയുടെ മേധാവി ഇലോണ്‍ മസ്‌ക്. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നുമാണ് ഇലോണ്‍ മസ്‌ക് അറിയിച്ചിരിക്കുന്നത്. എന്നാല്‍, എപ്പോഴായിരിക്കും അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനം എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ല.
എക്‌സിലൂടെയാണ് (ട്വിറ്റര്‍) ഇലോണ്‍ മസ്‌ക് ഇന്ത്യയിലെത്തുന്നുവെന്ന കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു. എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, അദ്ദേഹം ഏപ്രില്‍ 22-ന് ഡല്‍ഹിയില്‍ എത്തി പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടായേക്കും.
തിരഞ്ഞെടുപ്പ് കാലത്ത് ടെസ്‌ലയുടെ മേധാവി ഇന്ത്യ സന്ദര്‍ശിക്കുന്നതും നിക്ഷേപം നടത്തുന്നതിനുള്ള പദ്ധതി പ്രഖ്യാപിക്കുന്നതും ചെയ്യുന്നത് പ്രധാനമന്ത്രിക്ക് നേട്ടമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍. വ്യവസായ സൗഹൃദമായ അന്തരീക്ഷമാണ് മോദിയുടെ ഭരണത്തില്‍ ഉണ്ടാകുന്നതെന്ന പ്രചാരണത്തിന് ഇത് ആക്കം കൂട്ടിയേക്കും. ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നതോടെ വാഹനമേഖലയ്ക്ക് നേട്ടമുണ്ടാകുന്നതിനൊപ്പം തൊഴില്‍ സാധ്യതയുമുണ്ടാകുമെന്നാണ് അവകാശവാദങ്ങള്‍.
ഇന്ത്യയുടെ ഇലക്ട്രിക് വാഹനനയത്തില്‍ വരുത്തിയ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ടെസ്‌ല ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ വാഹന നിര്‍മാണശാല തുറക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതികളിലാണ് ടെസ്‌ലയെന്നും സൂചനകളുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് ടെസ്‌ലയുടെ പരിഗണനയിലുണ്ടെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കല്‍ സന്ദര്‍ശ വേളയില്‍ അദ്ദേഹം ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താന്‍ നരേന്ദ്ര മോദിയുടെ ആരാധകന്‍ ആണെന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. മോദി ശരിക്കും ഇന്ത്യയുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. ഇന്ത്യയില്‍ കാര്യമായ നിക്ഷേപമിറക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുന്നത് അതിനാലാണെന്നും മസ്‌ക് അഭിപ്രായപ്പെട്ടിരുന്നു. ഊര്‍ജംമുതല്‍ ആത്മീയതവരെയുള്ള വിഷയങ്ങള്‍ മസ്‌കുമായി ചര്‍ച്ചചെയ്തെന്ന് മോദി ട്വീറ്റുചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല