സ്വന്തം ലേഖകൻ: പുതിയ ഹ്യൂമനോയ്ഡ് റോബോട്ടായ ഒപ്റ്റിമസ് ജെന്‍-2 അവതരിപ്പിച്ച് ടെസ് ല. മനുഷ്യനെ പോലുള്ള ജോലികള്‍ ചെയ്യാന്‍ കഴിവുള്ള ഈ ഹ്യൂമനോയിഡ് റോബോട്ടിന്റെ ഒരു വീഡിയോ കമ്പനി മേധാവി ഇലോണ്‍ മസ്‌ക് എക്‌സില്‍ പങ്കുവെച്ചു. ഈ വര്‍ഷം ആദ്യം ടെസ്‌ല എഐ ദിനത്തില്‍ വെച്ചാണ് ഒപ്റ്റിമസിന്റെ പ്രോട്ടോ ടൈപ്പ് പതിപ്പ് കമ്പനി ആദ്യം അവതരിപ്പിച്ചത്. മാസങ്ങള്‍ക്ക് ശേഷം കഴിവുകള്‍ ഏറെ മെച്ചപ്പെടുത്തിയാണ് റോബോട്ട് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
സൈബര്‍ ട്രക്കുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഫാക്ടറിയിലൂടെ നടന്നു പോവുന്ന ഒപ്റ്റിമസ്- ജെന്‍ 2 റോബോട്ടിനെ വീഡിയോയില്‍ കാണാം. തിളക്കമുള്ള കറുപ്പ് വെള്ള നിറങ്ങളില്‍ രൂപകല്‍പന ചെയ്ത റോബോട്ടിന്റെ നെഞ്ചിലായി ടെസ് ല ബ്രാന്‍ഡ് ലോഗോയും നല്‍കിയിട്ടുണ്ട്. റോബോട്ടിന്റെ വീഴാതെ നില്‍ക്കാനുള്ള ശേഷിയും ശരീരം നിയന്ത്രിക്കാനുള്ള കഴിവും മെച്ചപ്പെട്ടിട്ടുണ്ട്.
കൂടാതെ മുട്ട കൈകൊണ്ട് പൊട്ടാതെ എഗ് ബോയിലറില്‍ വെക്കുന്നതും വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നു. വസ്തുക്കളെ തിരിച്ചറിഞ്ഞുള്ള കൈകളുടെ ഉപയോഗം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. ഇതിന് പുറമെ റോബോട്ടുകള്‍ നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. റോബോട്ടിന്റെ കാലുകളുടെ പ്രവര്‍ത്തനവും ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.
സുരക്ഷിതമല്ലാത്ത അപകടകരമായ സാഹചര്യങ്ങളില്‍ മനുഷ്യന് പകരം ജോലി ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഹ്യൂമനോയിഡ് റോബോട്ട് ഒരുക്കുന്നത് എന്ന് ടെസ് ലയുടെ വെബ്‌സൈറ്റില്‍ പറയുന്നു. ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ റോബോട്ടിന്റെ ബാലന്‍സ്, ഗതി നിര്‍ണയം, ഭൗതികലോകവുമായുള്ള ഇടപെടല്‍, തിരിച്ചറിവ് എന്നിവ സാധ്യമാക്കുന്ന സോഫ്റ്റ് വെയറുകള്‍ നിര്‍മിക്കേണ്ടതുണ്ട്. ഈ വെല്ലുവിളികള്‍ പരിഹരിക്കാന്‍ ഡീപ്പ് ലേണിങ്, കംപ്യൂട്ടര്‍ വിഷന്‍, മോഷന്‍ പ്ലാനിങ്, കണ്‍ട്രോള്‍, മെക്കാനിക്കല്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ നിയമിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്പനി പറയുന്നു.
ടെസ് ലയുടെ നിര്‍മാണ ജോലികളില്‍ താമസിയാതെ ഈ റോബോട്ട് ഉപയോഗിച്ച് തുടങ്ങും. മുമ്പ് ഒപ്റ്റിമസ് റോബോട്ട് യോഗ ചെയ്യുന്നതിന്റേയും കളര്‍ ബ്ലോക്കുകള്‍ ക്രമീകരിക്കുന്നതിന്റെയും വീഡിയോ ടെസ് ല പുറത്തുവിട്ടിരുന്നു. എന്നാല്‍ അന്നത്തേതില്‍ നിന്ന് റോബോട്ടിന്റെ ബോഡിയില്‍ കാര്യമായ മാറ്റങ്ങള്‍ ഇപ്പോള്‍ വന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല