സ്വന്തം ലേഖകന്‍: ടെക്‌സസില്‍ 26 പേരുടെ ജീവനെടുത്ത വെടിവപ്പിനു പിന്നില്‍ ഭാര്യാമാതാവിനോടുള്ള പകയെന്ന് സൂചന. ടെക്‌സസിലുള്ള സതര്‍ലാന്‍ഡ് സ്പ്രിങ്‌സിലെ പള്ളിയില്‍ കൂട്ടക്കൊല നടത്തിയ പ്രതി ഡേവിഡ് കെല്ലിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2012 ല്‍ കെല്ലിക്കെതിരെ ഗാര്‍ഹിക പീഡനക്കേസ് നിലവിലുണ്ടായിരുന്നു. കേസിനെ തുടര്‍ന്ന് തോക്ക് കൈവശം വെക്കുന്നതിനും വാങ്ങുന്നതിനും ഇയാള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇക്കാര്യം നാഷനല്‍ ക്രിമിനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല ക്രിമിനല്‍ ഹിസ്റ്ററി നാഷനല്‍ ഡാറ്റാ ബേസിന് ഈ വിവരങ്ങള്‍ കൈമാറുന്നതില്‍ യു.എസ് വ്യോമസേനാ വിഭാഗം പരാജയപ്പെട്ടതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൂട്ടക്കൊലയ്ക്ക് ഡേവിഡ് കെല്ലിയെ പ്രേരിപ്പിച്ചത് കുടുംബവഴക്കാകാമെന്ന് പോലീസ് വ്യക്തമാക്കി. പള്ളിയില്‍ പതിവായി വരുന്ന, ഭാര്യാമാതാവിനെയാണ് കെല്ലി ലക്ഷ്യമിട്ടതെന്നാണ് നിഗമനം.
വെടിവെപ്പ് നടന്ന ഞായറാഴ്ച ഇവര്‍ പള്ളിയില്‍ വന്നിരുന്നില്ല. ഇവരുടെ അമ്മ വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 26 പേരെയാണ് കെല്ലി വധിച്ചത്. പരിക്കേറ്റ 20 പേരില്‍ 10 പേരുടെ നില ഗുരുതരമാണ്. രക്ഷപ്പെടുന്നതിനിടെ സ്വന്തം കാര്‍ ഇടിച്ചു തകര്‍ന്നതോടെ കെല്ലി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് വ്യക്തമാക്കി. കെല്ലിയെ നേരിട്ട സ്റ്റീഫന്‍ വിലിഫോഡ് (55), ജോണി ലാങ്കെന്‍ഡോര്‍ഫ് (27) എന്നിവരെ ബുധനാഴ്ച അനുമോദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല