സ്വന്തം ലേഖകന്‍: ബെംഗളുരു സ്‌ഫോടന കേസിലെ സാക്ഷികള്‍ക്കുള്ള എട്ട് രഹസ്യ കത്തുകളുമായി തടിയന്റവിട നസീറിന്റെ സന്ദേശവാഹകന്‍ പിടിയില്‍. ബെംഗളൂരു ബോംബ് സ്‌ഫോടന കേസില്‍ കര്‍ണാടകയില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ കൂട്ടാളി പെരുമ്പാവൂര്‍ അല്ലപ്ര പുത്തരി വീട്ടില്‍ ഷഹനാസിനെയാണ് പോലീസ് പിടികൂടിയത്.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് ശനിയാഴ്ച ഉച്ചയോടെയാണ് ഇയാളെ പിടികൂടിയത്. തടിയന്റവിട നസീര്‍ കൈമാറിയ എട്ട് കത്തുകള്‍ ഇയാളുടെ പക്കല്‍ നിന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ക്കെതിരെ യു.എ.പി.എ. നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ആറ് വര്‍ഷത്തിലേറെയായി നസീറുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഷഹനാസ്. കിഴക്കമ്പലം കാച്ചപ്പള്ളി ജ്വല്ലറി ഉടമയെ വെട്ടി പണവും സ്വര്‍ണവും കവര്‍ന്ന കേസിന്റെ വിചാരണയ്ക്കായി കഴിഞ്ഞ ദിവസം തടിയന്റവിട നസീറിനെ കോലഞ്ചേരി മുന്‍സിഫ് കോടതിയില്‍ കൊണ്ടുവന്നിരുന്നു. ഈ സമയം നസീറുമായി സംസാരിച്ച ഇയാളെ പോലീസ് നിരീക്ഷിച്ചിരുന്നു.
പിന്നീട് വ്യാഴാഴ്ച നസീറിനെ തിരികെ കര്‍ണാടക ജയിലിലേക്ക് കൊണ്ടുപോകുന്നതിനായി നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഇവിടെയും ഷഹനാസ് എത്തിയിരുന്നു. ഇതേ തുടര്‍ന്ന് ശക്തമായി നിരീക്ഷിച്ച പോലീസ് സംശയകരമായ സാഹചര്യത്തില്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് ഇയാളെ കണ്ടതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നസീറിന് പുറംലോകവുമായി ആശയവിനിമയം നടത്തുന്നതിനുള്ള സന്ദേശവാഹകനാണ് ഷഹനാസ് എന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയ കത്തുകള്‍ ബെംഗളൂരു സ്‌ഫോടന കേസിലെ വിവിധ സാക്ഷികള്‍ക്കുള്ളതാണ്. ഷഹനാസിനുള്ള കത്തില്‍ എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്. സാക്ഷികളുടെ മേല്‍വിലാസവും മറ്റ് വിവരങ്ങളും ഇതോടൊപ്പം ഉണ്ടായിരുന്നു. പുതിയ വ്യാജ സിം കാര്‍ഡ് എടുത്ത് നല്‍കാനും നസീര്‍ കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇയാളുടെ പക്കല്‍ നിന്ന് 9000 രൂപ പോലീസ് കണ്ടെത്തി. മൂന്ന് മൊബൈല്‍ ഫോണുകളും ഇവയിലേത് ഉള്‍പ്പെടെ അഞ്ച് സിം കാര്‍ഡുകളും കണ്ടെത്തി. ഇവയില്‍ രണ്ട് ഫോണുകള്‍ നസീര്‍ നല്‍കിയതാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതോടെ അഗ്രഹാര ജയിലില്‍ നസീര്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല