സ്വന്തം ലേഖകൻ: ഇന്ത്യ-മ്യാന്‍മാര്‍-തായ്‌ലന്‍ഡ് ട്രൈലാറ്ററല്‍ ഹൈവേയുടെ 70 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതാതായി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട്, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയെ അയല്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേകള്‍ വളരെ കുറവാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രയത്‌നത്തിന്റെ ഫലമായി ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകാന്‍ പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രക്കാര്‍ക്കായി ഹൈവേ മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ തുറന്നു നല്‍കുമെന്നാണ് കരുതുന്നത്.1,400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാന്‍സ്-നേഷന്‍ ഹൈവേയാണ് ഇന്ത്യ-മ്യാന്‍മാര്‍-തായ്‌ലന്‍ഡ് ട്രൈലാറ്റര്‍ ഹൈവേ. ഈ ഹൈവേയുടെ വരവോടെ രാജ്യത്തെ തെക്കുകിഴക്കന്‍ ഏഷ്യയുമായി കരമാര്‍ഗം ബന്ധിപ്പിക്കുകയും മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം, ബിസിനസ്സ്, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ബന്ധങ്ങള്‍ക്ക് ഉത്തേജനം നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ് വ്യാപാരവും വിനോദ സഞ്ചാരവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഈ ഹൈവേ ആദ്യമായി നിര്‍ദേശിച്ചത്. ഇന്ത്യയും മ്യാന്‍മറും തായ്‌ലന്‍ഡും തമ്മില്‍ 2002 ഏപ്രിലില്‍ നടന്ന മന്ത്രിതല യോഗത്തിലാണ് ഇത് അംഗീകരിക്കപ്പെട്ടത്.
ഹൈവേയുടെ 70 ശതമാനം ജോലികളും പൂര്‍ത്തിയായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മണിപ്പൂരില്‍ നിന്ന് അതിര്‍ത്തിക്കടുത്തുള്ള മോറെ എന്ന സ്ഥലത്ത് നിന്നാണ് ഇന്ത്യ- മ്യാന്‍മാര്‍-തായ്‌ലന്‍ഡ് ട്രൈലാറ്റര്‍ ഹൈവേ ആരംഭിക്കുന്നത്. മ്യാന്‍മാര്‍- തായ്‌ലന്‍ഡ് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മേ സോട്ട് നഗരത്തിലാണ് ഇത് അവസാനിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല