സ്വന്തം ലേഖകൻ: ലോകത്തിന്റെ ടൂറിസം ഭൂപടത്തില്‍ വലിയ സ്ഥാനമുള്ള രാജ്യമാണ് തായ്‌ലന്‍ഡ്. ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം തന്നെയാണ് രാജ്യത്തിന്റെ നട്ടെല്ലും. കോവിഡാനന്തരമുണ്ടായ പ്രതിസന്ധികള്‍ അതിജീവിക്കാനായി ടൂറിസം മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ് തായ്‌ലന്‍ഡ്. കൂടുതല്‍ സഞ്ചാരികളെയും കൂടുതല്‍ വിദേശ നാണ്യത്തെയും ആകര്‍ഷിക്കാനായി തായ്‌ലന്‍ഡ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ള ഏറ്റവും പുതിയ ഓഫറുകളാണ് കഞ്ചാവും കാസിനോകളും.
സമീപകാലത്ത് രാജ്യത്ത് കഞ്ചാവ് കൃഷിയും ഉപയോഗവും നിയമവിധേയമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇപ്പോള്‍ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും കാസിനോകള്‍ ഉള്‍കൊള്ളുന്ന വിനോദ സമുച്ചയങ്ങള്‍ ആരംഭിക്കാനുള്ള അനുമതിയും നല്‍കിയിരിക്കയാണ്. ചൂതാട്ടകേന്ദ്രങ്ങളും കഞ്ചാവ് ഉപയോഗവുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
തായ്‌ലന്‍ഡ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ടൂറിസം സംബന്ധിച്ച ഒരു റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച പരാമര്‍ശമുള്ളത്. എല്ലാ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിയമപ്രകാരമുള്ള കാസിനോകളുള്ള വിനോദ സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. വിനോദ സഞ്ചാരികളെ കൊണ്ട് പരമാവധി പണം രാജ്യത്തിനകത്ത് തന്നെ ചിലവഴിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അനധികൃത കാസിനോകളുടെ പ്രവര്‍ത്തനം തടയാനും കനത്ത നികുതിയിലൂടെ സമ്പത്ത് വ്യവസ്ഥയ്ക്ക് വലിയ ആശ്വാസം പകരാനും പുതിയ നീക്കം സഹായകരമാകും എന്നാണ് കണക്കുകൂട്ടല്‍.
പ്രാരംഭഘട്ടത്തില്‍ ബാങ്കോക്ക് നഗരത്തിലും തുടര്‍ന്ന് മറ്റ് പ്രധാന നഗരങ്ങളിലും കാസിനോകള്‍ പ്രവര്‍ത്തനമാരംഭിക്കും. കാസിനോകള്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ പ്രതിവര്‍ഷം കുറഞ്ഞത് 400 ബില്യണ്‍ ബാറ്റ് (11 ബില്യണ്‍ ഡോളര്‍) അധിക നികുതി വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യ ഏഷ്യന്‍ രാജ്യമാണ് തായ്‌ലന്‍ഡ്. ഈ വര്‍ഷം ജൂണ്‍ 9 മുതലാണ് രാജ്യത്ത് കഞ്ചാവ് കൃഷി ചെയ്യുന്നതും ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമല്ലാതാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല