സ്വന്തം ലേഖകന്‍: പാറക്കെട്ടിലെ വെള്ളം മാത്രം ഭക്ഷണം; തായ് ഗുഹയില്‍ കുടുങ്ങിയ ദിവസങ്ങളിലെ അനുഭവങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ച് കുട്ടികള്‍. ഇതാദ്യമായാണ് തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട കുട്ടികളും ഫുട്‌ബോള്‍ കോച്ചും തങ്ങളുടെ അനുഭവങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കുവെക്കുന്നത്. ജൂണ്‍ 23നാണ് ചിയാങ് റായിയിലെ താം ലുവാങ് ഗുഹയില്‍ കുട്ടികള്‍ കുടുങ്ങിയത്. ജൂലൈ രണ്ടിന് രക്ഷാപ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്തി.
ബ്രിട്ടിഷ് നീന്തല്‍ വിദഗ്ധര്‍ തങ്ങളോടു സംസാരിച്ച നിമിഷത്തെ ‘മാജിക്കല്‍’ എന്നാണ് ആദുല്‍ സലാം എന്ന പതിനാലുകാരന്‍ വിശേഷിപ്പിച്ചത്. അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുന്നതിനു മുന്‍പു അല്‍പനേരം ആലോചിച്ചു നില്‍ക്കേണ്ടി വന്നു. അത്രയേറെ അദ്ഭുതസ്തബ്ദനായിരുന്നു താനെന്നും ആദുല്‍ പറഞ്ഞു.
ജൂണ്‍ 23നു നടന്ന പരിശീലനത്തിനു ശേഷം ഒരു മണിക്കൂറിനകം തിരിച്ചിറങ്ങണമെന്ന ലക്ഷ്യത്തോടെയാണു ഗുഹയിലേക്കു കയറിയത്. അതിനാല്‍ത്തന്നെ ഭക്ഷണമോ വെള്ളമോ കയ്യിലുണ്ടായിരുന്നില്ല. പെട്ടെന്നാണു മഴ ശക്തമായതും വഴിയടഞ്ഞതും. തുടര്‍ന്നു രക്ഷപ്പെടാനുള്ള ശ്രമങ്ങളും നടത്തിയിരുന്നതായി കോച്ച് ഏക്കപോല്‍ ചാന്ദവോങ് പറഞ്ഞു.
രക്ഷിക്കാന്‍ ആരെങ്കിലും വരുന്നതു വരെ കാത്തിരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല എല്ലാവരും. അങ്ങനെയാണ് ഗുഹയില്‍ രക്ഷമാര്‍ഗമെന്നു കരുതിയ ചില ഭാഗങ്ങളില്‍ പാറ കൊണ്ട് ഓരോരുത്തരായി ഊഴം വച്ചു കുഴിച്ചത്. അത്തരത്തില്‍ മൂന്നു–നാലു മീറ്റര്‍ വരെ മുന്നോട്ടു പോയി. പക്ഷേ വഴി പൂര്‍ണമായും അടഞ്ഞെന്നു വ്യക്തമായതോടെ എല്ലാം നിര്‍ത്തി.
കൂട്ടത്തിലെ ഏകദേശം എല്ലാവരും നല്ലപോലെ നീന്തും. പക്ഷേ ചിലര്‍ നീന്തലില്‍ അത്ര വിദഗ്ധരായിരുന്നില്ല. അതോടെ അവിടെ തന്നെ തങ്ങാന്‍ തീരുമാനിച്ചു. ആദ്യത്തെ ദിവസം കുഴപ്പമില്ലാതെ കടന്നുകൂടി. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് ഊറി വന്ന വെള്ളം മാത്രമായിരുന്നു ഭക്ഷണം.
രണ്ടു ദിവസം കൂടി കഴിഞ്ഞതോടെ ഓരോരുത്തരായി ക്ഷീണിക്കാന്‍ തുടങ്ങി. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ടൈറ്റന്‍ ഇതിനെപ്പറ്റി പറഞ്ഞതിങ്ങനെ– ‘തീരെ ക്ഷീണിച്ചു പോയിരുന്നു. വിശക്കുമെന്ന കാരണത്താല്‍ ഭക്ഷണത്തെപ്പറ്റി ആലോചിക്കാന്‍ പോലും ഞാന്‍ തയാറായിരുന്നില്ല’. ചിലരാകട്ടെ വീട്ടുകാര്‍ എന്തു പറയുമെന്ന പേടിയിലായിരുന്നു. ഗുഹയിലേക്കുള്ള യാത്രയെപ്പറ്റി ആരും വീട്ടുകാരോടു പറഞ്ഞിരുന്നുമില്ല. ഇതിന് ഓരോരുത്തരും മാതാപിതാക്കളോടു വാര്‍ത്താസമ്മേളന വേദിയില്‍ ക്ഷമ പറയുകയും ചെയ്തു.
ഗുഹയില്‍ നിന്നു രക്ഷപ്പെട്ടതിനു ശേഷം എല്ലാവരുടെയും ആരോഗ്യം മെച്ചപ്പെട്ടതായി ചികിത്സയ്ക്കു നേതൃത്വം നല്‍കിയ മെഡിക്കല്‍ വിദഗ്ധന്‍ പറഞ്ഞു. താം ലുവാങ് ഗുഹയില്‍ 11നും 16നും ഇടയ്ക്കു പ്രായമുള്ള 12 പേരും ഇരുപത്തിയഞ്ചുകാരനായ കോച്ചുമാണ് കുടുങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല