സ്വന്തം ലേഖകന്‍: ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട തായ് കുട്ടികള്‍ക്ക് വിരുന്നുകളുടെ പ്രളയം; മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌ക്കാര ചടങ്ങിലേക്കുള്ള ക്ഷണവുമായി ഫിഫ. ചിയാങ് റായിലെ ഇരുട്ടുഗുഹയില്‍ പതിനേഴു ദിവസത്തെ പോരാട്ടത്തിനു ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന തായ് കുട്ടികളേയും കോച്ചിനേയും സല്‍ക്കരിക്കാന്‍ വന്‍കിട റസ്റ്ററന്റുകളുടെ തിരക്കാണ്.
ആശുപത്രി വിട്ടിട്ടില്ലാത്ത പന്ത്രണ്ടു കുട്ടികളും ഫുട്‌ബോള്‍ പരിശീലകന്‍ ഏക്കും സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങിയതതോടെയാണു വിരുന്നിനുള്ള ക്ഷണവുമായി റസ്റ്റോറന്റുകള്‍ എത്തിയത്. തായ്‌ലന്‍ഡിലെ പ്രശസ്ത റസ്റ്ററന്റ് മാ ലോങ് ദേര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ റസ്റ്റോറന്റുകള്‍ വിവിധ ദിവങ്ങളല്ലായി കുട്ടികള്‍ക്കും കോച്ചിനും വിരുന്നൊരുക്കും.
ഭക്ഷണം തയാറാക്കി ആശുപത്രിയിലേക്ക് അയച്ചുകൊടുക്കുമെന്ന് തായ്‌ലന്‍ഡിലെ പ്രശസ്ത ഷെഫ് റത്തനസുദ എന്ന നാന അറിയിച്ചു. പന്ത്രണ്ടു കുട്ടികള്‍ക്കും കോച്ചിനും കൂടി 20 പ്ലേറ്റ് ഭക്ഷണമാണ്‍ എത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടന്ന നാളുകളിലും നാന ഭക്ഷണമുണ്ടാക്കി നല്‍കിയിരുന്നു. കൂടാതെ തായ് രാജാവിന്റെ പാചകക്കാരും ഗുഹാമുഖത്ത് അടുക്കള കെട്ടി ആഹാരം തയാറാക്കിയിരുന്നു.
ഇതിനിടെ, ലണ്ടനില്‍ സെപ്റ്റംബര്‍ 24ന്, മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങിലേക്കു തായ് കുട്ടികളേയും കോച്ചിനേയും ഫിഫ അധികൃതര്‍ ക്ഷണിച്ചു. നേരത്തെ മോസ്‌കോയില്‍ ലോകകപ്പ് ഫൈനലിന് കുറ്റികളെ ഫിഫ ക്ഷണിച്ചിരുന്നു. എന്നാല്‍ ആരോഗ്യപരമായ ഉത്ക്കണ്ഠ ഉള്ളതിനാല്‍ എത്താനാകില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനാലാണ്‍ പുതിയ ക്ഷണം ഫിഫ അയച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല