സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി; ബാക്കിയുള്ളവരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. ബാക്കിയുള്ളവരെ ചേംബര്‍ 3 എറിയപ്പെടുന്ന സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായാണു വിവരം. ഇവിടെ നിന്നു രണ്ടു കിലോമീറ്റര്‍ മാത്രമാണു ഗുഹാമുഖത്തേക്കുള്ളത്. രക്ഷപ്പെടുത്തിയ എട്ട് കുട്ടികളും പൂര്‍ണ ആരോഗ്യവാന്മാരാണെങ്കിലും ഇവരെ കാണാന്‍ മാതാപിതാക്കളെ ഇതുവരെ അനുവദിച്ചിട്ടില്ല. മെഡിക്കല്‍ പരിശോധനാഫലം വരുന്നതു വരെ കാത്തിരിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അണുധയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളെ സ്പര്‍ശിക്കാന്‍ ബന്ധുക്കളെ അനുവദിക്കില്ല. ചിയാങ് റായിയിലെ പ്രചനുക്‌റോ ആശുപത്രിയിലാണ് ഇപ്പോള്‍ കുട്ടികളുള്ളത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നാല് കുട്ടികളെ പുറത്തെത്തിച്ചത്. ആരോഗ്യനില മോശമായ കുട്ടികളെയാണ് ആദ്യം പുറത്തെത്തിച്ചത്. കഴിഞ്ഞ ദിവസം പ്രതീക്ഷിച്ചതിലും രണ്ടുമണിക്കൂര്‍ നേരത്തെ കുട്ടികളെ പുറത്തെത്തിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാന്‍ മഴ തടസ്സമായിരിക്കുകയാണ്.
നീന്തല്‍ വസ്ത്രങ്ങളും ഓക്‌സിജന്‍ മാസ്‌കും ധരിപ്പിച്ച് ഗുഹയില്‍ നിറഞ്ഞിരിക്കുന്ന വെള്ളത്തിനടിയില്‍കൂടി കുട്ടികളെ പുറത്തെത്തിക്കുകാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പത്തുമണിയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്നുള്ള 13 മുങ്ങല്‍വിദഗ്ധരും തായ്‌ലാന്‍ഡ് നേവിയിലെ അഞ്ച് മുങ്ങല്‍വിദഗ്ധരുമടക്കം 18 പേരാണ് രക്ഷാസംഘത്തിലുള്ളത്. നാല് സംഘങ്ങളായി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്.
കുട്ടികളുള്ള സ്ഥലം മുതല്‍ ഗുഹാമുഖം വരെ ഒരു കയര്‍ വെള്ളത്തിനടിയിലൂടെ ഇട്ട് നീന്തല്‍ വസ്ത്രങ്ങളും മാസ്‌കും ധരിച്ച കുട്ടികളെ ഈ കയറിലൂടെ പുറത്തേക്ക് നയിക്കുന്ന രക്ഷാപ്രവര്‍ത്തനമാണ് തുടരുന്നത്. നീന്തലറിയാത്ത കുട്ടികള്‍ക്ക് ഈ കയറില്‍ പിടിച്ച് വെള്ളത്തിനടിയിലൂടെ നടക്കാന്‍ സാധിക്കും. ഒരു കുട്ടിയുടെകൂടെ രണ്ട് മുങ്ങല്‍ വിദഗ്ധരാണ് സഹായിക്കുന്നത്. ജൂണ്‍ 23ന് വൈകിട്ട് ഫുട്‌ബോള്‍ പരിശീലനത്തിനു ശേഷം ഉത്തര തായ്‌ലന്‍ഡിലെ ചിയാങ് റായ് മേഖലയിലുള്ള താം ലുവാങ് ഗുഹയ്ക്കുള്ളില്‍ കയറിയ 12 കുട്ടികളും 25 കാരനായ കോച്ചും പേമാരിയെ തുടര്‍ന്ന് അകത്തു കുടുങ്ങുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല