സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ നാല് കുട്ടികളെ ഡൈവര്‍മാര്‍ അതിസാഹസികമായി രക്ഷപ്പെടുത്തി; 9 പേരെ പുറത്തെത്തിക്കാന്‍ തീവ്രശ്രമം തുടരുന്നു. പുറത്തെത്തിച്ച കുട്ടികളെ ചിയാങ് റായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേര്‍ ഗുഹയ്ക്കകത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിയിട്ടുണ്ട്. ചേംബര്‍ 3 എന്നറിയപ്പെടുന്ന ബേസ് ക്യാംപിന് സമീപമാണ് ഇവരെത്തിയിട്ടുള്ളത്. ഇരുവരും സുരക്ഷിതമേഖലയിലാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ബാക്കിയുള്ള ഏഴു പേര്‍ക്കായി രണ്ടാം ഘട്ട രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. രണ്ടാം ഘട്ട ദൗത്യത്തിന് 10 മുതല്‍ 20 മണിക്കൂര്‍ വരെ സമയമെടുക്കുമെന്നാണ് വിവരം. കാലാവസ്ഥ ഉള്‍പ്പെടെ പരിഗണിച്ചായിരിക്കും മുന്നോട്ടു പോവുക. അതിനിടെ ഗുഹയ്ക്ക് സമീപം മഴ ആരംഭിച്ചത് ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പത്തിന് ആരംഭിച്ച ഒന്നാംഘട്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ വൈകിട്ട് 5.40 നാണ് ആദ്യത്തെ കുട്ടിയെ പുറത്തെത്തിച്ചത്.
5.50ന് രണ്ടാമത്തെയാളും പുറത്തെത്തി. മൂന്നാമന്‍ 7.40 നും നാലാമത്തെ കുട്ടി 7.50 നും പുറത്തെത്തി. ഇതിനു പിന്നാലെയാണു രണ്ടു കുട്ടികളെ ഗുഹയിലെ ബേസ് ക്യാംപിനു സമീപത്ത് എത്തിച്ചത്. ഡൈവിങ് സംഘങ്ങള്‍ക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. ഇതുവരെ ഒരു കിലോമീറ്റര്‍ ദൂരം കുട്ടികള്‍ രക്ഷാസംഘത്തോടൊപ്പം ഡൈവിങ് നടത്തി. കുട്ടികളെ തങ്ങളോടു ചേര്‍ത്തു വച്ചാണു ഡൈവിങ് സംഘത്തിന്റെ മുന്നേറ്റം. വിദേശത്തു നിന്നുള്ള 50 ഡൈവര്‍മാരും തായ്‌ലന്‍ഡില്‍ നിന്ന് 40 പേരുമാണു നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്.
പുറത്തെത്തിക്കുന്ന ഓരോരുത്തര്‍ക്കുമായി 13 മെഡിക്കല്‍ സംഘങ്ങളാണ് ഗുഹയ്ക്കു സമീപം കാത്തിരിക്കുന്നത്. ഓരോ സംഘത്തിനും ഒരു ഹെലികോപ്ടറും ആംബുലന്‍സും വീതം നല്‍കിയിട്ടുണ്ട്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം എല്ലാവരെയും ചിയാങ് റായിയിലെ താല്‍ക്കാലിക മിലിട്ടറി ഹെലിപാഡിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഇതിനു സമീപത്തെ ചിയാങ് റായി പ്രചനുക്രോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര നടപടി സ്വീകരിക്കാന്‍ പരിശീലനം ലഭിച്ച അഞ്ചു ഡോക്ടര്‍മാര്‍ക്കൊപ്പം 30 പേരുടെ ഒരു സംഘവും ഇവിടെ കാത്തുനില്‍ക്കുന്നു.
കനത്ത പോലീസ് കാവലുള്ള ആശുപത്രിയിലേക്കു മാധ്യമങ്ങളെ പ്രവേശിപ്പിക്കുന്നില്ല. ശനിയാഴ്ച ഗുഹയിലെത്തിയ ഡോക്ടര്‍മാര്‍ കുട്ടികളെ പരിശോധിച്ചിരുന്നു. ഏറ്റവും ദുര്‍ബലരായവരെ ആദ്യവും കൂട്ടത്തില്‍ ശക്തരായവരെ അവസാനവും പുറത്തെത്തിക്കാന്‍ തുടര്‍ന്നാണു തീരുമാനിച്ചത്. ആരോഗ്യനിലയുടെ അടിസ്ഥാനത്തില്‍ ഇവരുടെ പട്ടികയും ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാരുടെ സംഘം തയാറാക്കി. ഏതു സമയത്തും മഴ പെയ്യാമെന്നത് രക്ഷാപ്രവര്‍ത്തനത്തിനു കനത്ത സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. മഴ പെയ്താല്‍ ജലനിരപ്പുയരുകയും കുട്ടികളുടെ ജീവന്‍ അപകടത്തിലാകുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല