സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തകന് ദാരുണാന്ത്യം; കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക. ഫുട്‌ബോള്‍ കളിക്കാരായ 12 കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാനുള്ള ദൗത്യത്തിനിടെ തായ് നാവികസേനാ മുന്‍ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.
ഗുഹയില്‍ കുടുങ്ങിയ 13 പേര്‍ക്കായി ഓക്‌സിജന്‍ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങും വഴി സ്വന്തം ശേഖരത്തിലെ ജീവവായു തീര്‍ന്നാണു നീന്തല്‍ വിദഗ്ധനായ സമന്‍ കുനോന്ത് (38) മരിച്ചത്. രണ്ടാഴ്ച മുന്‍പാരംഭിച്ച രക്ഷാദൗത്യത്തിന് ഈ ദുരന്തം വലിയ ആഘാതമായി. നാവികസേനയില്‍നിന്നു വിരമിച്ച സമന്‍, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരാനായി ജോലിയില്‍ തിരിച്ചെത്തിയതാണ്.
അതേസമയം, ഗുഹയ്ക്കുള്ളില്‍ കുട്ടികള്‍ കുടുങ്ങിയ സ്ഥലത്തു ഓക്‌സിജന്‍ ലഭ്യത കുറഞ്ഞുവരുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ബ്രിട്ടിഷ് സേനാ വിദഗ്ധര്‍ അടക്കം വന്‍ സംഘം തുടരുന്ന രക്ഷാപ്രവര്‍ത്തനത്തിനു കരുത്തു പകരാന്‍ യുഎസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് 12 അംഗ എന്‍ജിനീയറിങ് സംഘത്തെ തായ്‌ലന്‍ഡിലേക്ക് അയച്ചു.
കുട്ടികള്‍ക്ക് കുടുംബവുമായി ആശയവിനിമയം നടത്താനായി ഗുഹയിലേക്ക് ഇന്റര്‍നെറ്റ് കേബിളുകള്‍ എത്തിക്കുന്ന നടപടി പുരോഗമിക്കുകയാണ്. തങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നെന്നാണ് ഏറ്റവും പുതിയ വിഡിയോയില്‍ കുട്ടികള്‍ പറയുന്നത്. കഴിഞ്ഞമാസം 23നു ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞു മടങ്ങുംവഴി ഗുഹയ്ക്കുള്ളില്‍ വെള്ളം പൊങ്ങി ഗുഹാമുഖം അടഞ്ഞതോടെ സംഘം അകത്തു കുടുങ്ങുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല