1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2018

സ്വന്തം ലേഖകന്‍: ‘തിരിച്ചുവരും, കോഴിയിറച്ചിയും ഹോട്ട് പാന് ബാര്ബിക്യൂവും തയ്യാറാക്കി വക്കണം’; തായ്‌ലന്ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികള് മാതാപിതാക്കള്‍ക്ക് കത്തെഴുതുന്നു. കുടുംബത്തെ പിരിഞ്ഞിരിക്കുന്നതിന്റെ ദു:ഖവും തങ്ങള് സുരക്ഷിതരാണെന്ന ആശ്വാസവാക്കുകളും തിരിച്ചെത്തുമ്പോള് വേണ്ട ഭക്ഷണ വിഭവങ്ങളുമൊക്കെയാണ് കുട്ടികളുടെ കത്തില്. കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമാപണം നടത്തിക്കൊണ്ട് എഴുതിയ കോച്ചിന്റെ കത്തും പുറത്തു വന്നിട്ടുണ്ട്.

മുങ്ങല് വിദഗ്ധരാണ് കുട്ടികളുടെ ഈ കുറിപ്പുകള് മാതാപിതാക്കളിലേക്ക് എത്തിച്ചത്. തായ് നാവികസേനയുടെ ഫെയ്‌സ്ബുക്ക് പേജിലും കത്തുകള് പോസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടില് സുരക്ഷിതമായി തിരിച്ചെത്തിയാല് പൊരിച്ച കോഴിയിറച്ചിയും ഹോട്ട് പാന് ബാര്ബിക്യൂവും കഴിക്കാന് തരണമെന്നാണ് ഒരു കുട്ടിയുടെ കത്ത്. അധികമായി ഹോം വര്ക്ക് തരരുതെന്ന് അധ്യാപകരോടുളള അപേക്ഷയാണ് വേറൊരു ആണ്കുട്ടി മുന്നോട്ടുവെയ്ക്കുന്നത്.

തന്നെ കുറിച്ച് ഓര്ത്ത് അച്ഛനും അമ്മയും ആശങ്കപ്പെടേണ്ടതില്ല എന്നതാണ് മറ്റൊരു കുട്ടിയുടെ കത്ത്. താന് ഇവിടെ സുരക്ഷിതനാണ്. ഞാന് നിങ്ങളെ സ്‌നേഹിക്കുന്നു എന്ന് കൂടി പറയുന്ന കത്തില് വീട്ടില് എത്തിയാല് പൊരിച്ച കോഴിയിറച്ചി തരണമെന്നും കുട്ടി ആവശ്യപ്പെടുന്നു. ഞാന് അച്ഛനെയും അമ്മയെയും സ്‌നേഹിക്കുന്നു എന്ന് പറയുന്ന മറ്റൊരു കുട്ടിയുടെ കുറിപ്പില് പന്നിയിറച്ചി കൊണ്ട് തയ്യാറാക്കിയ വിഭവമായ പോര്ക്ക് ഷാബു വാങ്ങിത്തരണമെന്ന് കുട്ടി ആവശ്യപ്പെടുന്നു. ഇത്തരത്തില് വീട്ടുകാരെ ആശ്വസിപ്പിച്ചും തങ്ങളുടെ ഇഷ്ടവിഭവങ്ങളും അനിഷ്ടങ്ങളും വെളിപ്പെടുത്തിയുമാണ് കുട്ടികള് കുറിപ്പുകള് കൈമാറിയത്.

കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമാപണം നടത്തിക്കൊണ്ടുളളതാണ് കോച്ചിന്റെ കത്ത്. തന്റെ അവസാന ശ്വാസം വരെ കുട്ടികളുടെ സുരക്ഷയ്ക്കായി ചെയ്യാന് കഴിയുന്നതെല്ലാം ചെയ്യുമെന്ന് 25 വയസുകാരനായ കോച്ച് മാതാപിതാക്കള്ക്ക് ഉറപ്പുനല്കുന്നുണ്ട്. അതേസമയം കുട്ടികളെയും കോച്ചിനെയും രക്ഷിക്കാനുളള ശ്രമം ഊര്ജ്ജിതമായി തുടരുകയാണ്. നാലുദിവസത്തിനുളളില് ഇവരെ പുറത്ത് എത്തിക്കാനുളള തീവ്രശ്രമത്തിലാണ് ദൗത്യസംഘം. ഗുഹയ്ക്കുളളിലെ ഓക്‌സിജന് അളവ് കുറയുന്നു എന്നതാണ് എത്രയും വേഗം കുട്ടികളെ പുറത്ത് എത്തിക്കാനുളള തീരുമാനത്തിന് പിന്നില്. അതേസമയം മേഖലയില് മഴ ശക്തമായത് രക്ഷാപ്രവര്ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഫുട്‌ബോള് മത്സരം കഴിഞ്ഞ് ജൂണ് 23 നാണ് കോച്ചും കുട്ടികളും ഗുഹയിലേക്ക് പോയത് പിന്നീട് കനത്ത മഴയില് ഗുഹാ കവാടം അടഞ്ഞ് അവിടെ അകപ്പെടുകയായിരുന്നു. രക്ഷാപ്രവര്ത്തനത്തിനിടെ ഓക്‌സിജന് ലഭിക്കാതെ തായ്‌ലന്ഡ് നേവിയുടെ മുന് മുങ്ങല് വിദഗ്ധന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.