സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികള്‍ ആരോഗ്യവാന്മാര്‍; തൂക്കം രണ്ടു കിലോ കുറഞ്ഞു; ചരിത്രമായ രക്ഷാദൗത്യം നടന്ന ഗുഹ ഇനി മ്യൂസിയം. താം ലുവാങ് ഗുഹയില്‍ നിന്നു രക്ഷപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടികളെല്ലാം പൂര്‍ണ ആരോഗ്യവാന്മായാണ് വിഡിയോയില്‍ കാണുപ്പെടുന്നത്.
കുട്ടികളില്‍ ചിലര്‍ക്ക് ഇപ്പോഴും ശ്വാസകോശത്തില്‍ അണുബാധയുണ്ട്. സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച കുട്ടികളെയാണു വിഡിയോയില്‍ കാണാനാവുക. ഏഴു മുതല്‍ പത്തു ദിവസം വരെ കഴിഞ്ഞതിനു ശേഷം മാത്രമേ കുട്ടികള്‍ക്ക് ആശുപത്രി വിടാനാകൂ. പത്തു ദിവസത്തിനു ശേഷം വീട്ടിലേക്കു മാറ്റാം. എന്നാല്‍ അവിടെയും ഒരു മാസത്തോളം സുഖ ചികിത്സ നടത്തേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
രക്ഷപ്പെട്ട 12 കുട്ടികള്‍ക്കും കോച്ചിനും രണ്ടു കിലോഗ്രാമോളം ഭാരം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആരോഗ്യസ്ഥിതി മോശമല്ല. മാനസിക സമ്മര്‍ദത്തിന്റെ ലക്ഷണങ്ങളും കാണിക്കുന്നില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. ചിയാങ് റായിയിലെ ആശുപത്രിയിലാണ് കുട്ടികള്‍ ഇപ്പോഴുള്ളത്. ആശുപത്രിയില്‍ കുട്ടികളോടു സംസാരിക്കാന്‍ മാതാപിതാക്കളെയും അനുവദിച്ചിരുന്നു.
എട്ടു പേരുടെ മാതാപിതാക്കള്‍ക്കാണ് അനുമതി നല്‍കിയത്. എന്നാല്‍ ഇവരെ സ്പര്‍ശിക്കാന്‍ അനുവദിച്ചില്ല. ചില്ലുകൂട്ടിലൂടെ കുട്ടികളോടു സംസാരിക്കുന്ന മാതാപിതാക്കളുടെയും കുട്ടികള്‍ കൈവീശിക്കാണിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗവര്‍ണര്‍ നാരോങ്‌സാങ് വിളിച്ചു ചേര്‍ത്താ വാര്‍ത്താസമ്മേളനത്തിലാണു ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ചരിത്രംകുറിച്ച രക്ഷാപ്രവര്‍ത്തനത്തിന്റെ ഓര്‍മയ്ക്കായി താം ലുവാങ് ഗുഹ ഇനി മ്യൂസിയമായി മാറും. പന്ത്രണ്ടു കുട്ടികളും പതിനേഴു ദിവസം കുടുങ്ങിയ താം ലുവാങ് ഗുഹ മ്യൂസിയമാക്കാന്‍ പ്രാദേശിക ഭരണകൂടം തീരുമാനിച്ചതായി നേവി സീല്‍സ് ദൗത്യസംഘം കമാന്‍ഡര്‍ നരോങ്‌സാക് ഓസോതനാകോണ്‍ അറിയിച്ചു. രക്ഷാദൗത്യത്തിനായി ഉപയോഗിച്ച എല്ലാ ഉപകരണങ്ങളും രക്ഷാപ്രവര്‍ത്തകരുടെ യൂണിഫോമും നീന്തല്‍വസ്ത്രങ്ങളും ശേഖരിച്ചു മ്യൂസിയത്തില്‍ സൂക്ഷിക്കും
പമ്പു ചെയ്തു ഗുഹയ്ക്കു പുറത്തേക്കൊഴുക്കിയ വെള്ളം നിറഞ്ഞു കൃഷിസ്ഥലങ്ങള്‍ നശിച്ചവര്‍ക്കു നഷ്ടപരിഹാരം നല്‍കും. ഭൂമിക്കടിയിലുള്ള വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് നേവി സീല്‍സിനെ സംബന്ധിച്ചിടത്തോളം ആദ്യത്തെ അനുഭവമായിരുന്നെന്നും നരോങ്‌സാക് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല