സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികള്‍ക്കും പരിശീലകനുമായുള്ള തെരച്ചില്‍ തുടരുന്നു. അവര്‍ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷ കൈവിടാതെ, ഇടവേളകളും വിശ്രമവുമില്ലാതെ രക്ഷാദൗത്യം തുടരുകയാണ്. ഗുഹയ്ക്കുള്ളില്‍ കുട്ടികള്‍ ഉണ്ടെന്നു കരുതുന്ന അറയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്കെത്താന്‍ ഇനിയും മൂന്നു കിലോമീറ്റര്‍ കൂടി സഞ്ചരിക്കാനുണ്ടെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. കുട്ടികളുടെ കാല്‍പ്പാടുകളും കൈപ്പാടുകളും അവരുടെ സൈക്കിളുകള്‍, ഫുട്‌ബോള്‍ ബൂട്ട്, ബാഗുകള്‍ എന്നിവ ദൗത്യത്തിനിടെ രക്ഷാപ്രവര്‍ത്തര്‍ കണ്ടെത്തിയിരുന്നു.
മഴയൊഴിഞ്ഞു മാനം തെളിഞ്ഞതാണ് പ്രതീക്ഷ നല്‍കുന്ന കാര്യം. ഇതോടെ ഗുഹയിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 10 കിലോമീറ്റര്‍ നീളമുള്ള ഗുഹയ്ക്കുള്ളില്‍ വെള്ളക്കെട്ടുകള്‍ക്കുള്ളിലൂടെ നീന്തല്‍വിദഗ്ധര്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. കൗമാര ഫുട്‌ബോള്‍ താരങ്ങളായ 12 കുട്ടികളും അവരുടെ 25 വയസ്സുള്ള പരിശീലകനുമാണു കഴിഞ്ഞ ശനിയാഴ്ച ഉത്തര തായ്!ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്.
1000 തായ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം യുഎസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരും രക്ഷാദൗത്യത്തിനു രംഗത്തുണ്ട്. തായ്!ലന്‍ഡിലെ ഏറ്റവും നീളംകൂടിയതും ബുദ്ധിമുട്ടേറിയതുമായ ഗുഹയാണ് താം ലുവാങ്. എന്നാല്‍, ഉള്ളിലകപ്പെട്ട കുട്ടികള്‍ മുന്‍പും അതിനുള്ളില്‍ കയറിയിട്ടുള്ളവരാണ്. കൂടുതല്‍ വായു കിട്ടുന്ന അറകളിലേക്ക് അവര്‍ മാറിയിട്ടുണ്ടാകുമെന്നാണു രക്ഷാപ്രവര്‍ത്തകരുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല