സ്വന്തം ലേഖകന്‍: തായ്!ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്ബോള്‍ ടീമിനും പരിശീലകനുമായുള്ള തിരച്ചില്‍ തുടരുന്നു; പ്രതീക്ഷ വിടാതെ രക്ഷാപ്രവര്‍ത്തകര്‍. കൗമാരക്കാരായ 12 കുട്ടികളും അവരുടെ 25 വയസ്സുള്ള പരിശീലകനുമാണു കഴിഞ്ഞ ശനിയാഴ്ച ഉത്തര തായ്!ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്. കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം നിറ!ഞ്ഞ ഗുഹയില്‍, കുട്ടികളും കോച്ചും ഉണ്ടെന്നു കരുതുന്ന ഭാഗത്ത് എത്തിച്ചേരാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
ഇന്നലെ മഴ കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. ഗുഹയ്ക്കുള്ളിലെ ജലനിരപ്പു താഴുന്നുണ്ട്. ഉള്ളിലെ വെള്ളം പമ്പുചെയ്തു കളയാന്‍ ഒട്ടേറെ മോട്ടോറുകള്‍ ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്നു. 1000 പേരുള്ള തായ് രക്ഷാ സംഘമാണു സ്ഥലത്തുള്ളത്. ഇതിനു പുറമേ യുഎസ്, ഓസ്ട്രേലിയ, ചൈന, ജപ്പാന് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. 30 അംഗ യുഎസ് സൈനിക സംഘമാണ് എത്തിയത്. തായ് നാവികസേനയുടെ നീന്തല്‍ വിദഗ്ധര്‍ ഗുഹയ്ക്കുള്ളിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. കുട്ടികള്‍ ഉണ്ടെന്നു കരുതുന്ന ഭാഗത്ത് എത്തണമെങ്കില്‍ ഇനിയും 3–4 കിലോമീറ്റര്‍ കൂടി താണ്ടണം.
കുട്ടികളെ കണ്ടെത്തിയാല്‍ പ്രാഥമിക ചികില്‍സ നല്കാന് സര്‍വസജ്ജരായ മെഡിക്കല്‍ സംഘം പുറത്തുണ്ട്. വിദഗ്ധ ചികില്‍സയ്ക്കു കൊണ്ടുപോകാനുള്ള ഹെലികോപ്ടറുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ബന്ധുക്കള്‍ ഗുഹയ്ക്കു പുറത്തു താല്‍ക്കാലിക ടെന്റുകളില്‍ കഴിയുന്നു. ഇവിടെ ബുദ്ധസന്യാസികളുടെ നേതൃത്വത്തില്‍ പ്രാര്‍ഥനകളും നടക്കുന്നുണ്ട്. പത്തു കിലോമീറ്ററിലേറെ വരുന്ന ഗുഹയിലേക്കു മറ്റെതെങ്കിലും പ്രവേശനമാര്‍ഗമുണ്ടോ എന്നു മറ്റൊരുസംഘം തിരയുന്നു. ഇടയ്ക്കു മല തുരന്ന് ഉള്ളിലേക്ക് ഇറങ്ങാനുള്ള ശ്രമം വിജയിച്ചു.
ഗുഹയുടെ ചെളിനിറഞ്ഞ അറയിലേക്കാണ് ഈ തുരങ്കം ചെന്നെത്തിയത്. ഇതിലൂടെ ഭക്ഷണം, വെള്ളം, ടോര്‍ച്ച് തുടങ്ങിയവ ഗുഹയ്ക്കുള്ളിലേക്ക് ഇട്ടുകൊടുത്തിട്ടുണ്ട്. പക്ഷേ, ഈ ഭാഗവുമായി ബന്ധപ്പെട്ട ഭാഗത്താണോ കുഞ്ഞുങ്ങളെന്നു വ്യക്തമല്ല. കുട്ടികള്‍ ഇപ്പോഴും ജീവനോടെയുണ്ടാകുമെന്നാണു രക്ഷാപ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. കൂടുതല്‍ വിശാലമായ അറകളിലേക്ക് ഇവര്‍ മാറിയിട്ടുണ്ടാകാം. മുന്‍പും ഗുഹയ്ക്കുള്ളില്‍ പോയിട്ടുള്ളവരാണു കുട്ടികള്‍. ഗുഹയ്ക്കുള്ളില്‍ വെള്ളത്തിനു ദൗര്ലഭ്യമല്ലെങ്കിലും സമീപത്തെ കൃഷിയിടങ്ങളിലൂടെ ഒഴുകിയെത്തിയ മഴവെള്ളത്തില്‍ കീടനാശിനികള്‍ കലര്‍ന്നു വിഷമയമായിട്ടുണ്ടാകുമെന്ന ആശങ്കയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല