സ്വന്തം ലേഖകൻ: തലശ്ശേരി-മാഹി ബൈപ്പാസ് റോഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ 112 ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ഉച്ചയ്‌ക്ക് ഒന്നരയോടെ ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന ചടങ്ങിൽ വച്ചായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് നിന്ന് ഓണ്‍ലൈനായും, മന്ത്രി പി.എ. മുഹമ്മദ് റിയാസും സ്പീക്കര്‍ എ.എന്‍. ഷംസീറും ഉദ്ഘാടന വേദിയിലും ചടങ്ങില്‍ പങ്കെടുത്തു. തലശ്ശേരി ചോനാടത്താണ് ഉദ്ഘാടന വേദി ഒരുക്കിയിരുന്നത്.
ഉദ്ഘാടനത്തിന് ഒരു മണിക്കൂർ മുന്നോടിയായി ബൈപ്പാസിലൂടെ ബിജെപി സ്ഥാനാർത്ഥികൾ റോഡ് ഷോ നടത്തി. ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി, കണ്ണൂരിലെ സ്ഥാനാര്‍ത്ഥി സി. രഘുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രി പി.എ. മുഹമ്മദ് റിയാസും സ്പീക്കര്‍ എ.എന്‍. ഷംസീറും ഡബിൾ ഡെക്കർ ബസിൽ ആറുവരിപ്പാതയിലൂടെ റോഡ് ഷോ നടത്തി.
കോഴിക്കോട് അഴിയൂര്‍ മുതല്‍ കണ്ണൂര്‍ മുഴപ്പിലങ്ങാട് വരെയാണ് ബൈപ്പാസ്. 45 മീറ്റര്‍ വീതിയില്‍ 18.6 കിലോമീറ്റര്‍ നീളത്തില്‍ 1500 കോടി രൂപ ചെലവഴിച്ചാണ് ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത്. 47 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നത്. 1977ല്‍ സ്ഥലമേറ്റെടുപ്പ് തുടങ്ങിയ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2018ലാണ് തുടങ്ങിയത്. 2021ലാണ് പാത ഗതാഗതത്തിന് തുറന്നു കൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രളയം, കൊവിഡ് തുടങ്ങിയവ നിര്‍മ്മാണം വൈകാൻ കാരണമായി.
എന്‍എച്ച് 66 ല്‍ മുക്കോല മുതല്‍ തമിഴ്നാട് അതിര്‍ത്തി വരെയുള്ള നാലുവരി പാതയും തലശ്ശേരി മുതല്‍ മാഹി ബൈപാസ് വരെയുള്ള ആറുവരി പാതയുമാണ് കേരളത്തില്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍. 2796 കോടി രൂപയാണ് ഈ രണ്ടു പദ്ധതികള്‍ക്കായി ചെലവഴിച്ചത്. നാഷണല്‍ ഹൈവേ അതോറിറ്റി തിരുവനന്തപുരം കാര്യവട്ടം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.
തലശ്ശേരി-മാഹി ബൈപ്പാസ് യാത്രയ്ക്ക് ടോള്‍ നിരക്കുകള്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍, ജീപ്പ് ഉള്‍പ്പെടെ ചെറിയ സ്വകാര്യ വാഹനങ്ങള്‍ക്ക് 65 രൂപയാണ് നിരക്ക്. ഇരുവശത്തേക്കും 100 രൂപ. ബസുകള്‍ക്ക് 105 രൂപ, ഇരുവശത്തേക്കും 160 രൂപ. രണ്ട് ആക്‌സില്‍ വാഹനങ്ങള്‍ക്ക് 224 രൂപ. മൂന്ന് ആക്‌സില്‍ വാഹനങ്ങള്‍ 245, ഏഴ് ആക്‌സില്‍ വാഹനങ്ങള്‍ 425 എന്നിങ്ങനെയാണ് ഒരു വശത്തേക്ക് ടോള്‍ നിരക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല